അതിരപ്പിള്ളിയിൽ പരിധിവിട്ട് വഴിയോര പാർക്കിങ്
text_fieldsഅതിരപ്പിള്ളി: വിനോദ സഞ്ചാരികളുടെ കാറുകൾ അതിരപ്പിള്ളിയിലെ വഴിയോരത്ത് പാർക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നു. ശാസ്ത്രീയ പാർക്കിങ് സൗകര്യം ഒരുക്കാത്തതിനാൽ പാർക്കിങ് ഫീ കൊടുക്കുന്ന വാഹനങ്ങളാണ് വഴിയോരത്ത് ഇടേണ്ടി വരുന്നത്. തിരക്കേറുന്ന ഘട്ടങ്ങളിൽ വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്കുചെയ്യുന്നുണ്ട്.
സഞ്ചാരികളും വാഴച്ചാൽ മേഖലയിലേക്കുള്ള വാഹനങ്ങളും ഇതിനിടയിലൂടെ തിങ്ങി ഞെരുങ്ങി വേണം കടന്നുപോകാൻ. അവധി ദിവസങ്ങളിൽ വാഹനങ്ങളുടെ നിര ഇട്ട്യാനിവരെ നീളാറുണ്ട്. റോഡിന് മുകളിലും താഴെയും പാർക്കിങ്ങിന് പരിമിതമായ സ്ഥലം ഉണ്ടെങ്കിലും വലിയ അഭ്യാസികൾക്ക് മാത്രമേ വാഹനം കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും കഴിയൂ.
പാർക്ക് ചെയ്യുന്നതിനിടെ വാഹനങ്ങൾ റോഡിൽ നിന്ന് താഴോട്ട് വീണ സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അവധി ദിവസങ്ങളിലും വാഹനങ്ങളുടെ വൻ തിരക്കായിരുന്നു. ഓരോ വർഷം കഴിയുന്തോറും തിരക്ക് വർധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഗതാഗത തടസ്സമുണ്ടാക്കി റോഡിന്റെ വശത്ത് പാർക്കിങ് അനുവദിച്ച് ഈ ഇനത്തിൽ പ്രതിവർഷം വലിയ തുക വനം വകുപ്പ് പിരിച്ചെടുക്കുന്നുണ്ട്. മഴക്കാലത്ത് കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴോട്ടു പോകാനിടയുണ്ടെന്നാണ് പരാതി. ഈ മേഖലയിൽ അമ്പലപ്പാറയിൽ അടക്കം ഇത്തരം മലയിടിച്ചിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിൽ ശരിയായ പാർക്കിങ് സൗകര്യം ഇല്ലെന്ന പരാതി കാലങ്ങളായി ഉള്ളതാണ്. വലിയ പാർക്കിങ് ഫീ വാങ്ങിയിട്ടും സഞ്ചാരികൾക്ക് സൗകര്യം ഒരുക്കാൻ അധികാരികൾ തയാറാവുന്നില്ല. വനം വകുപ്പിന്റെ കർശനനിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികാരികൾ പാർക്കിങ് ഗ്രൗണ്ട് ഒരുക്കാൻ വൈമുഖ്യം പുലർത്തുന്നത്. നേരത്തെ പ്ലാന്റേഷൻ കോർപറേഷനുമായി സഹകരിച്ച് അവരുടെ സ്ഥലത്ത് വാഹനങ്ങൾക്ക് പാർക്കിങ് ഒരുക്കാൻ പദ്ധതി തയാറാക്കിയിരുന്നു. പക്ഷേ, പദ്ധതി ഇന്നും കടലാസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.