കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ നിയമസഭ സമിതി
text_fieldsതൃശൂർ: കുട്ടികളിലെ ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, ട്രാൻസ്ജെൻഡറുകളുടെ പ്രശ്നങ്ങൾ എന്നിവക്ക് ഊന്നൽ നൽകി ഇടപെടലുകൾ നടത്തുമെന്ന് കേരള നിയമസഭ സമിതി. ഉറവിടം മുതൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾ ആവശ്യമാണ്. ഈ വിഷയങ്ങളിൽ സമർഥമായ ഇടപെടൽ നടത്തിവരുകയാണെന്നും സമിതി ചെയർപേഴ്സൻ യു. പ്രതിഭ എം.എൽ.എ പറഞ്ഞു.
നിയമസഭ സമിതിയുടെ ജില്ലതല സന്ദർശനവും ഹരജിയിലുള്ള തെളിവെടുപ്പും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയശേഷം സംസാരിക്കുകയായിരുന്നു എം.എൽ.എ. സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളാണ് സമിതി പരിഗണിക്കുന്നത്.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ, ഐ.ടി മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നിങ്ങനെ എട്ട് റിപ്പോർട്ടുകൾ ഇതിനകം സമിതി നിയമസഭക്ക് മുന്നിൽ സമർപ്പിച്ചു. അട്ടപ്പാടിയിലും മറയൂരിലും സന്ദർശനം നടത്തി പ്രത്യേക റിപ്പോർട്ടുകൾ നൽകി. എട്ട് എം.എൽ.എമാർ അടങ്ങുന്ന സമിതിയാണ് ജില്ലയിൽ പരാതി പരിഗണിച്ചത്.
ചെയർപേഴ്സന് പുറമെ ചീഫ് വിപ്പ് എൻ. ജയരാജ്, ഒ.എസ്. അംബിക, സി.കെ. ആശ, കാനത്തിൽ ജമീല, ഉമ തോമസ്, കെ. ശാന്തകുമാരി, ദലീമ ജോജോ എന്നിവരാണ് സമിതി അംഗങ്ങൾ. ബുധനാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ കാര്യാലയത്തിൽ സിറ്റിങ് നടക്കും. വ്യക്തികൾക്കും സംഘടനപ്രതിനിധികൾക്കും നേരിട്ട് ഹാജറായി പരാതി രേഖാമൂലം സമർപ്പിക്കാം.
2021 ജൂണിലാണ് പുതിയ നിയമസഭസമിതിയുടെ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തുടനീളം വിവിധ വിഷയങ്ങളിലുള്ള ഇടപെടലുകളിലൂടെ പ്രസക്ത കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുകയാണ് സമിതിയുടെ ദൗത്യം. കലക്ടർ വി.ആർ. കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ ഡോ. എം.സി. റെജിൽ തുടങ്ങിയവർ പങ്കെടുത്തു.
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഗ്രേസ് മാർക്ക്: സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തും -ചീഫ് വിപ്പ്
തൃശൂർ: സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ വളരുന്ന കുട്ടികൾക്ക് രണ്ട് ശതമാനം ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ ശ്രദ്ധയിൽപെടുത്തുമെന്ന് നിയമസഭ സമിതി അംഗംകൂടിയായ ചീഫ് വിപ്പ് എൻ. ജയരാജ്. നിയമസഭ സമിതി രാമവർമപുരത്തെ ചിൽഡ്രൻസ് ഹോം സന്ദർശിച്ച വേളയിലാണ് ഇക്കാര്യം അറിയിച്ചത്. കലാകായിക മേഖലകളിൽ മികവ് തെളിയിച്ച ഹോമിലെ കുട്ടികളെ നേരിട്ട് സന്ദർശിച്ച് നിയമസഭ സമിതി അംഗങ്ങൾ അഭിനന്ദനം അറിയിച്ചു.
സർക്കാർ മഹിളമന്ദിരത്തിൽ താമസിക്കുന്ന 22 അന്തേവാസികളെയും സമിതി അംഗങ്ങൾ സന്ദർശിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സന്ദർശിച്ച സമിതി അംഗങ്ങൾ പ്രവർത്തനങ്ങളിൽ പൂർണ തൃപ്തി അറിയിച്ചു. അനുകരണീയ മാതൃകയാണ് നിപ്മർ എന്ന് സന്ദർശനത്തിനുശേഷം യു. പ്രതിഭ എം.എൽ.എ പ്രതികരിച്ചു. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ് സെന്ററിലും സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.