മഹിളമന്ദിരം പന്തലിട്ടു; പാര്‍വതിക്കും റോയ്‌സണും മാംഗല്യം
text_fieldsതൃശൂർ: അമ്മയുടെ സ്ഥാനത്ത് മഹിളമന്ദിരം സൂപ്രണ്ട്, സാന്നിധ്യമായി എം.എല്‍.എ, മേയര്‍, കലക്ടര്‍ തുടങ്ങിയവരുടെ നീണ്ട നിര. തൃശൂര്‍ മഹിളമന്ദിരം സാക്ഷ്യംവഹിച്ച വിവാഹ ചടങ്ങിന്‍റെ വിശേഷങ്ങളാണിത്. രാമവര്‍മപുരം മഹിളമന്ദിരത്തിലെ അന്തേവാസിയായ പാര്‍വതിയാണ് ജില്ലയുടെ സ്നേഹലാളനകള്‍ ഏറ്റുവാങ്ങി വെള്ളിയാഴ്ച വിവാഹ ജീവിതമാരംഭിച്ചത്. ലാലൂര്‍ മനക്കപ്പറമ്പില്‍ റോയ്‌സണ്‍ ആണ് പാര്‍വതിയെ ജീവിത സഖിയാക്കിയത്. രാമവര്‍മപുരം മഹിള മന്ദിരത്തിന്‍റെ മുറ്റത്തൊരുങ്ങിയ അലങ്കാര പന്തലിലായിരുന്നു വിവാഹം. ജില്ലയിലെ ജനപ്രതിനിധികള്‍, ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ 11നും 12നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
വിവാഹ മോതിരം കൈമാറി മേയര്‍ എം.കെ. വര്‍ഗീസും വരണമാല്യം എടുത്ത് നല്‍കി പി. ബാലചന്ദ്രന്‍ എം.എല്‍.എയും കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലാലി ജയിംസും നവദമ്പതികളെ അനുഗ്രഹിച്ചു. അമ്മയുടെ സ്ഥാനത്ത് മഹിളമന്ദിരം സൂപ്രണ്ട് പി.എസ്. ഉഷയെ സാക്ഷിയാക്കി കലക്ടര്‍ വധുവിനെ കൈപിടിച്ച് നല്‍കി. ബൊക്കെ കൈമാറി ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു.
വനിത സംരക്ഷണ ഓഫിസര്‍ എസ്. ലേഖയും വനിത ശിശു വികസന ജില്ല ഓഫിസര്‍ പി. മീരയും ചേര്‍ന്ന് കൈമാറിയ സിന്തൂരം റോയ്‌സണ്‍ പാര്‍വതിയുടെ നെറുകയില്‍ ചാര്‍ത്തി. ചടങ്ങില്‍ യുവ എഴുത്തുകാരി ദീപജയരാജ് എഴുതിയ മാംസ നിബദ്ധമല്ല രാഗം എന്ന നോവല്‍ വധൂവരന്മാര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. വ്യാഴാഴ്ച ജില്ല രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹ രജിസ്ട്രേഷന്‍ കഴിഞ്ഞു.
വനിത ശിശു വികസന ജില്ല ഓഫിസര്‍ പി. മീരയുടെയും കോര്‍പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലാലി ജയിംസിന്‍റെയും നേതൃത്വത്തിലാണ് വിവാഹ ഒരുക്കങ്ങള്‍ നടന്നത്. വനിത ശിശു വികസന വകുപ്പിന്‍റെയും തൃശൂര്‍ കോര്‍പറേഷന്‍റെയും കീഴിലുള്ള രാമവര്‍മപുരം മഹിളമന്ദിരത്തില്‍ രണ്ടു വര്‍ഷം മുമ്പാണ് പാര്‍വതി അന്തേവാസിയായി എത്തുന്നത്. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് റോയ്സണ്‍.
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി. അബ്ദുൽ കരീം, പ്ലാനിങ് ഓഫിസര്‍ എന്‍.കെ. ശ്രീലത, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ പി.ജി. മഞ്ജു, മുന്‍ മേയര്‍ അജിത വിജയന്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.