അർഹരായ മുഴുവൻ പേർക്കും ഭൂമിയുടെ ഉടമാവകാശം –മന്ത്രി
text_fieldsകലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലതല പട്ടയ വിതരണം ഓൺലൈനിലൂടെ
മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയുന്നു
തൃശൂർ: അർഹരായ മുഴുവൻ ആളുകൾക്കും ഭൂമിയുടെ ഉടമാവകാശം നൽകുകയാണ് സർക്കാറിെൻറ പ്രഖ്യാപിത ലക്ഷ്യമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ജില്ലയിലെ പട്ടയ വിതരണം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഈ സർക്കാർ വന്ന ശേഷം നേരേത്ത 31,518 പേർക്ക് കൈവശഭൂമിയുടെ രേഖ നൽകി.
ഇപ്പോൾ 5,136 പേർക്കാണ് നൽകുന്നത്. സംസ്ഥാനത്ത് രണ്ടുലക്ഷം പേർക്കെങ്കിലും പട്ടയം നൽകുകയാണ് ലക്ഷ്യം. ഏകദേശം 1.55 ലക്ഷം പേർക്ക് നൽകിക്കഴിഞ്ഞു. അവശേഷിക്കുന്ന 45,000 പേർക്കുള്ള പട്ടയങ്ങൾ ജില്ലകളിൽ വിവിധ ഘട്ടങ്ങളിലായി എത്തിനിൽക്കുന്നു.
വനഭൂമി പട്ടയം ലഭ്യമാക്കുന്നതിെൻറ പ്രവർത്തനം സങ്കീർണമായിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കൂട്ടായി പരിശ്രമിച്ചു. കഴിഞ്ഞകാലങ്ങളിൽ നൽകിയ പട്ടയങ്ങൾ നിയമാനുസൃതമല്ലാത്തതിെൻറ പ്രശ്നങ്ങൾ വിവിധ ജില്ലകളിലുണ്ട്. ഇവിടെ വനം വകുപ്പുമായി ചേർന്നുള്ള നടപടിക്രമങ്ങൾ ഓരോന്നും പൂർത്തിയാക്കി നിയമ പരിരക്ഷ ഉറപ്പാക്കിയാണ് വനഭൂമി പട്ടയങ്ങൾ നൽകുന്നത്. ഇനിയും അവശേഷിക്കുന്ന ആയിരക്കണക്കിന് പേർക്ക് പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു.
ജില്ല ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ എന്നിവർ പട്ടയ വിതരണം നിർവഹിച്ചു.മന്ത്രി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് സംസാരിച്ചു. പട്ടയം തയാറാക്കാൻ നേതൃത്വം നൽകിയ എൽ.എ തഹസിൽദാർ സന്ധ്യാദേവി, സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. നളിനി, ലാൻഡ് അക്വിസിഷൻ, സർവേ എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു. കലക്ടർ എസ്. ഷാനവാസ് സ്വാഗതവും സബ് കലക്ടർ അഫ്സാന പർവീൺ നന്ദിയും പറഞ്ഞു. എ.ഡി.എം റെജി പി. ജോസഫ് സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.