തൃശൂർ ജില്ലയിൽ നാഥനില്ലാതെ 26 വില്ലേജ് ഓഫിസുകൾ
text_fieldsപാവറട്ടി: ജില്ലയിലെ 26 വില്ലേജുകളിൽ 15 ദിവസമായി വില്ലേജ് ഓഫിസർമാരില്ല. ജോലിക്കയറ്റം ലഭിച്ചും സ്ഥലം മാറിപ്പോയും ഒഴിവായ ഇവിടങ്ങളിൽ പകരം വില്ലേജ് ഓഫിസർമാർ ജോലിയിൽ പ്രവേശിക്കാത്തതാണ് കാരണം. ഓഫിസർമാരില്ലാത്തിടത്തേക്ക് ചുമതല വഹിക്കേണ്ട ഓഫിസർമാർ കലക്ടറേറ്റിലെ ലാൻഡ് റവന്യൂ കമീഷണർ ഓഫിസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടങ്കിലും ജോലിയിൽ പ്രവേശിച്ചിട്ടില്ല.
സംഘടനസ്വാധീനവും രാഷ്ട്രീയബന്ധങ്ങളും ഉപയോഗിച്ച് ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റത്തിന് കാത്തിരിക്കുകയാണ് പലരും. കാലവർഷം ശക്തമായ സാഹചര്യത്തിൽ അവധിയിൽ പ്രവേശിച്ചിട്ടുള്ള ഉദ്യോഗസ്ഥരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആരും ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
ഓഫിസർമാരില്ലാത്ത ഇടങ്ങളിൽ സമീപത്തെ വില്ലേജ് ഓഫിസർമാർക്ക് അധികചുമതല നൽകിയിരിക്കുകയാണ്. ഇതിനാൽ 52 വില്ലേജ് ഓഫിസുകളിലെ പ്രവർത്തനങ്ങൾ താളംതെറ്റിയ നിലയിലാണ്.
അതതു വില്ലേജുകളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അടിയന്തരമായി ചെയ്യേണ്ടതും വിദ്യാർഥികളുടെ തുടർ പഠനത്തിനാവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകലും പ്രയാസമായിരിക്കെയാണ് സമീപ വില്ലേജുകളിലെ അധിക ചുമതലകൂടി ഏറ്റെടുക്കേണ്ടിവന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.