സ്വരാജ് പുരസ്കാരം; ഹാട്രിക് കരസ്ഥമാക്കി എളവള്ളി പഞ്ചായത്ത്
text_fieldsപാവറട്ടി: ജില്ലയിലെ ഇത്തവണത്തെയും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം മൂന്നാം തവണയും നേടി എളവള്ളി പഞ്ചായത്ത് ഒന്നാമതായി. 2022-‘23 വർഷത്തെ പുരസ്കാരമാണിത്. 2020-‘21 വർഷം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് സ്ഥാനവും എളവള്ളിക്കായിരുന്നു. ജില്ലയിൽ ആദ്യമായി അഞ്ച് സ്മാർട്ട് അംഗൻവാടികൾ, 2500 ബയോ ഡൈജസ്റ്റർ പോട്ട് വിതരണം, ഗ്യാസ് ക്രിമിറ്റോറിയം ആധുനിക ചേമ്പർ നിർമാണം, ഗ്രാമവണ്ടി, ഹരിത കർമ സേന, ഹരിത മിത്രം ഗാർബേജ് ആപ്പ്, ഇ-ഓട്ടോ, ഇന്ദ്രാം ചിറ ശുദ്ധജല സംരക്ഷണ പദ്ധതി, സമഗ്ര വിദ്യാഭ്യാസ പദ്ധതി, തണ്ണീർക്കുടം പദ്ധതി, വനിതാ യോഗ പരിശീലനം, പ്ലാവ് ഗ്രാമം പദ്ധതി എന്നിവയാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. മാതൃകാ തെരുവുവിളക്ക് പരിപാലന പദ്ധതി, സംസ്ഥാനത്തെ മികച്ച അമൃത സരോവർ ഇന്ദ്രാംചിറ, ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മണച്ചാൽ ചിൽഡ്രൻസ് പാർക്ക് ആൻഡ് കയാക്കിങ്, ഡയപ്പർ ഡിസ്ട്രോയർ, കോഴി മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റ്, ബൾക്ക് വാട്ടർ പദ്ധതി, നീതി ടീ സ്റ്റാൾ, ബഡ്സ് സ്കൂൾ, ദിശാ സൂചകങ്ങൾ സ്ഥാപിക്കൽ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങി പുതിയ പദ്ധതികളാണ് അടുത്തതായി പഞ്ചായത്ത് നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ഒറ്റക്കെട്ടായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് വിജയം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു.
പുരസ്കാര നിറവിൽ കാട്ടകാമ്പാൽ പഞ്ചായത്ത്
പഴഞ്ഞി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2022-‘23 സാമ്പത്തിക വർഷത്തെ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരത്തിന് കാട്ടകാമ്പാൽ അർഹത നേടി. രണ്ടാം സ്ഥാനമാണ് ലഭിച്ചത്. തൊഴിലുറപ്പ് പ്രവൃത്തി കൃത്യമായി പൂർത്തിയാക്കിയതിനാണ് പുരസ്കാരം. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾക്ക് കാട്ടകാമ്പാലിന് ലഭിക്കുന്ന ആദ്യ പുരസ്കാരമാണിത്.
പഞ്ചായത്തിലെ 16 വാർഡുകളിലായി 1114 തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും മധുരം പങ്കിട്ടു. പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ, മുൻ വൈസ് പ്രസിഡന്റ് യദുകൃഷ്ണ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മിന്റോ റെനി, ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് തൊഴിലുറപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.