കാർഗിൽ വിജയ് ദിവസ് മാരത്തൺ: കേരളത്തിന് അഭിമാനമായി സുബേദാർ ഷാനവാസ്
text_fieldsപാവറട്ടി: കാർഗിൽ വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായി കാർഗിലിൽ നടത്തിയ മാരത്തൺ മത്സരത്തിൽ ഒന്നാമതെത്തി കേരളത്തിന് അഭിമാനമായി സുബേദാർ ഷാനവാസ്. തൃശൂർ പാവറട്ടി സ്വദേശിയാണ്. കാർഗിലെ ഹെലിപാഡ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് ദ്രാസ് വരെ 54 കി.മീ. ഓടിയാണ് ഒന്നാമനായത്. കശ്മീർ മുതൽ കന്യാകുമാരിവരെ ഓടി റെക്കോഡ് ഇട്ട മാരത്തൺ താരം കുമാർ അജ്വനി അടക്കം നിരവധി പ്രഗല്ഭർ പങ്കെടുത്തിരുന്നു.
വിജയം കാർഗിലിൽ ജീവൻ നൽകിയ സഹോദരങ്ങളായ ധീരജവാന്മാർക്ക് ശതകോടി പ്രണാമങ്ങളോടെ സമർപ്പിക്കുന്നതായി ഷാനവാസ് പറഞ്ഞു. സിംഗപ്പൂർ മാരത്തണിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയിട്ടുണ്ട്. പാവറട്ടി പോക്കാക്കില്ലത്ത് മുഹമ്മദിെന്റയും മുഫിദയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ് ഷാനവാസ്. പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
സാധാരണ കുടുംബത്തിൽ ജനിച്ച് കഠിന പരിശീലനത്തിൽ വളർന്നുവന്ന ഇദ്ദേഹത്തിന് സ്പോർട്സ് മികവിലാണ് 23 വർഷം മുമ്പ് ആർമിയിൽ ജോലി ലഭിച്ചത്. 23 വർഷമായി രാഷ്ട്രത്തിനായി സേവനം ചെയ്യുന്നു. ഗ്രാമങ്ങളിൽനിന്ന് കഴിവുള്ള വിദ്യാർഥികളെ കണ്ടത്തി ഉയർത്തിക്കൊണ്ടുവരണമെന്ന് ഷാനവാസ് പറഞ്ഞു. 19 എൻജിനീയർ റെജിമെന്റിൽ കാർഗിലിലാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.