യുവാവിനെ തട്ടിക്കൊണ്ടുപോകൽ, വീട്ടമ്മയെ ആക്രമിക്കൽ: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsപാവറട്ടി: യുവാവിനെ തട്ടിക്കൊണ്ടുപോവുകയും വീടുകയറി വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഇരിങ്ങപ്രം പള്ളിക്കര വീട്ടിൽ സജീഷ് എന്ന ഉണ്ണിക്കുട്ടൻ (41) ആണ് അറസ്റ്റിലായത്.
ഒക്ടോബർ ഒന്നിന് ഉച്ചക്ക് 1.30ന് കാറിലെത്തിയ സംഘം വാക സെന്ററിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മൂന്നു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോകാൻ അർധരാത്രി എളവള്ളിയിലെ വീട്ടിൽ എത്തിയെങ്കിലും ഇയാൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഉദ്യമം നടന്നില്ലെന്ന് പൊലീസ് പറഞ്ഞു.
പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ്, എസ്.ഐ പി.എം. രതീഷ്, എ.എസ്.ഐ സുധീഷ്, സീനിയർ സി.പി.ഒ ജോസ്, സി.പി.ഒമാരായ ജിതിൻ, ശിവപ്രസാദ്, അനീഷ്, ലിജോ, ലാൽ ബഹദൂർ എന്നിവരുടെ സംഘമാണ് സജീഷിനെ അറസ്റ്റ് ചെയ്തത്. വാക സ്വദേശിയായ ബിജു, മഠത്തുപടിക്കൽ ബിജു, എളവള്ളി സ്വദേശി ജിലി എന്നിവർ വർഷം മുമ്പ് സജീഷിന്റെ കാർ കൊണ്ടുപോയി കോയമ്പത്തൂരിൽ മറ്റൊരാൾക്ക് നൽകിയിരുന്നു.
ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ഒക്ടോബർ ഒന്നിന് ഉച്ചക്ക് 1.30ന് വാക സെന്ററിൽനിന്ന് ബിജുവിനെ കാറിൽ തട്ടിക്കൊണ്ടുപോയി രണ്ടാം പ്രതി സജിയുടെ പഞ്ചാരമുക്കിലെ വർക്ക് ഷോപ്പിൽ തടവിലിട്ടു. ഒക്ടോബർ രണ്ടിന് പുലർച്ച ഒന്നിന് എളവള്ളിയിലെ ജിലിയുടെ വീട്ടിൽ അതിക്രമിച്ചു കയറി.
ജിലി വീട്ടിലില്ലെന്നറിഞ്ഞ് പ്രകോപിതരായ സംഘം ജനലുകളും വാതിലുകളും മുറ്റത്തുകിടന്ന ഓട്ടോയും തല്ലിത്തകർത്തു. തുടർന്ന് പ്രതികൾ ബിജുവിനെ ഇരിങ്ങപുറത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ തടവിലാക്കി ഭാര്യയോട് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.
പ്രതികളുടെ മർദനമേറ്റ് അവശനായ ബിജുവിനെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചു. സജീഷിനെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.