മണലൂരിന്റെ കൂറ് ഇത്തവണ ആരോട്?
text_fieldsപാവറട്ടി: യു.ഡി.എഫിന്റെ കുത്തകയായിരുന്ന മണലൂർ നിയമസഭ മണ്ഡലം 2006ലാണ് ആദ്യമായി ഇടത്തേക്ക് ചരിഞ്ഞത്. 2011ൽ മണലൂരുകാർ അതിലൊരു തിരുത്ത് വരുത്തിയെങ്കിലും അത് താൽക്കാലികമായിരുന്നു. അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന ബേബി ജോണിനെ ഗോദയിൽ ഇറക്കിയ ഇടതുപക്ഷത്തിന് ചുവടുപിഴച്ചു. അന്ന് കോൺഗ്രസിലെ പി.എ. മാധവന് 477 വോട്ട് അധികം നൽകി മണ്ഡലം ‘കൂറ് മാറി’. പക്ഷെ 2016ലും ‘21ലും വീണ്ടും ഇടത് പക്ഷത്തേക്ക് ചേർന്നു.
ജാതി സമവാക്യങ്ങൾക്ക് ഏറെ പ്രധാന്യമുള്ള മണ്ഡലമാണ് മണലൂർ. യു.ഡി.എഫിന്റെ കോട്ടയായിരുന്ന മണ്ഡലത്തിലേക്ക് തൈക്കാട്, അരിമ്പൂർ, ചൂണ്ടൽ, കണ്ടാണശേരി, വാടാനപ്പിള്ളി പഞ്ചായത്തുകൾ ചേർത്തതോടെയാണ് മുന്നണിക്ക് തിരിച്ചടി തുടങ്ങിയത്. പാവറട്ടി, വാടാനപ്പിള്ളി ഒഴികെ പ്രധാനമായും നെൽകൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ് ജനങ്ങൾ. ചൂണ്ടൽ, കണ്ടാണശേരി, തൈക്കാട്, എളവള്ളി, പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ് ,മണലൂർ, അരിമ്പൂർ, വാടാനപ്പിള്ളി പഞ്ചായത്തുകൾ ചേർന്നതാണ് ഇപ്പോഴത്തെ മണലൂർ.
നിയമസഭ തെരഞ്ഞെടുപ്പിൽ പാവറട്ടി പഞ്ചായത്ത് എപ്പോഴും നിർണായകമാവാറുണ്ട്. 2021ൽ ‘കെട്ടിയിറക്കി’ വൻ തോൽവി ഏറ്റുവാങ്ങിയ യു.ഡി.എഫിന്റെ വിജയ് ഹരിക്ക് പാവറട്ടി പഞ്ചായത്തിൽ പക്ഷെ 235 വോട്ട് അധികം നേടാനായി. 2011ൽ യു.ഡി.എഫ് സ്ഥാനാർഥി പി.എ. മാധവൻ കടന്നുകൂടിയതും പാവറട്ടി പഞ്ചായത്തിന്റെ ബലത്തിലാണ്. മുല്ലശേരിയും എളവള്ളിയും എൽ.ഡി.എഫ് ഭൂരിപക്ഷ പഞ്ചായത്തുകളാണങ്കിലും മറ്റുള്ളവ സമ്മിശ്രമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ പാവറട്ടിയിൽ എൻ.ഡി.എ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. വി.എസ്. സുനിൽ കുമാർ കൃഷിമന്ത്രിയായിരിക്കെ വാടാനപ്പിള്ളി, മുല്ലശ്ശേരി, വെങ്കിടങ്ങ്, പാവറട്ടി പഞ്ചായത്തുകളിലെ കണ്ടൽവനങ്ങൾ ഉൾപ്പെട്ട പുഴയോരം സംരക്ഷിത വനമാക്കാൻ എടുത്ത തീരുമാനം ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ടി.എൻ. പ്രതാപൻ സ്ഥാനാർഥിയായിരുന്നെങ്കിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് അനുകൂലമാകുമായിരുന്ന നായർ വിഭാഗം ഉൾപ്പെടെയുള്ളവരുടെ വോട്ടുകൾ യു.ഡി.എഫ് പക്ഷത്ത് പിടിച്ച് നിർത്താൻ കെ. മുരളീധരന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് യു.ഡി.എഫ് വൃത്തങ്ങൾ കരുതുന്നു. കഴിഞ്ഞ തവണ മണ്ഡലം ഇളക്കിമറിച്ച സുരേഷ് ഗോപിക്ക് ഇത്തവണ അതിന്റെ ഏഴയലത്തെത്താൻ കഴിഞ്ഞിട്ടില്ല. എൽ.ഡി.എഫ് കഠിന പ്രയത്നം നടത്തുന്നുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പിൽ മണലൂർ മണ്ഡലത്തിൽനിന്നാണ് എൽ.ഡി.എഫിന് കൂടുതൽ വോട്ട് ലഭിച്ചത്. യു.ഡി.എഫിന് 39.7 ശതമാനവും എൽ.ഡി.എഫിന് 31.6 ശതമാനവുമാണ് കിട്ടിയത്. 2014ൽ 11.5 ശതമാനം വോട്ടുണ്ടായിരുന്ന എൻ.ഡി.എ 2019ൽ 28 ശതമാനമാക്കി ഉയർത്തി.
കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ സി.പി.എമ്മിലെ മുരളി പെരുനെല്ലിക്ക് 78,337 വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിലെ വിജയ് ഹരി 48,461 വോട്ടാണ് പിടിച്ചത്. അന്ന് എൻ.ഡി.എയുടെ എ.എൻ. രാധാകൃഷ്ണൻ നേടിയത് 36,566 വോട്ടായിരുന്നു. അന്നത്തെ യു.ഡി.എഫ് സ്ഥാനാർഥി വിജയ് ഹരി ഇപ്പോൾ സി.പി.എമ്മിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.