മുല്ലശേരി ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസിലെ ഉൾപ്പോര് യു.ഡി.എഫിന് തിരിച്ചടിയായി
text_fieldsപാവറട്ടി: കോൺഗ്രസിന് സ്വാധീനമുള്ള വാർഡായിട്ടും സ്ഥാനാർഥിക്ക് ജനസമ്മതിയില്ലാത്തതും പാർട്ടിക്കുള്ളിലെ ഉൾപ്പോരും മുല്ലശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ച മോഹനൻ വാഴപ്പിള്ളിക്ക് വേണ്ടി ഇപ്പോഴത്തെ സ്ഥാനാർഥി ലിജോ പനക്കൽ പ്രവർത്തിച്ചിരുന്നില്ലെന്ന ആരോപണം ശക്തമാണ്.
ഇതുമൂലം യു.ഡി.എഫിന്റെ ഉറച്ച വോട്ടുകൾ പോലും ലിജോ പനക്കലിന് ലഭിച്ചില്ല. സ്ഥാനാർഥി നിർണയത്തിലും പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ തവണ 361 വോട്ട് നേടി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച യു.ഡി.എഫിന്റെ മോഹനൻ വാഴപ്പിള്ളിയേക്കാൾ 114 വോട്ടുകൾ കുറവാണ് ലിജോ പനക്കലിന് ലഭിച്ചത്. ലിജോക്കു വേണ്ടി കളത്തിലിറങ്ങിയത് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനായിരുന്നു. അതേസമയം, എൽ.ഡി.എഫിനും വോട്ട് കുറവാണ്. കഴിഞ്ഞ തവണ 360 വോട്ട് നേടിയിടത്ത് ഇത്തവണ 346 വോട്ടാണ് ലഭിച്ചത്. മുരളി പെരുനെല്ലി എം.എൽ.എയുടെ വാർഡ് കൂടിയാണിത്. എം.എൽ.എ മുഴുവൻ സമയവും വാർഡിലുണ്ടായിരുന്നു.
കഴിഞ്ഞ തവണ 80 ശതമാനം പോളിങ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇത്തവണ 83 ശതമാനമാണ് പോളിങ്. പ്രചാരണത്തിനായി മന്ത്രി കെ. രാധാകൃഷ്ണൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരുൾപ്പെടെയുള്ളവർ കളത്തിലിറങ്ങിയിട്ടും കഴിഞ്ഞ തവണത്തേക്കാൾ 14 വോട്ടുകൾ കുറവാണ് എൽ.ഡി.എഫിന്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 221 വോട്ട് നേടി മൂന്നാം സ്ഥാനത്തായിരുന്ന എൻ.ഡി.എ സ്ഥാനാർഥി മഠത്തിൽ രാജനേക്കാൾ 62 വോട്ടുകൾ കൂടുതൽ ഇത്തവണത്തെ എൻ.ഡി.എ സ്ഥാനാർഥി മിഥുൻ വൃന്ദാവൻ നേടി. 283 വോട്ടുകളാണ് മിഥുന് ലഭിച്ചത്. പോളിങ് ശതമാനം വർധിച്ചത് ഗുണം ചെയ്തതും എൻ.ഡി.എക്കുതന്നെ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് പാർട്ടി നോക്കാതെ വ്യക്തികളെ തെരഞ്ഞെടുത്ത് വിജയിപ്പിക്കുന്ന സാധാരണ രീതിയിൽനിന്ന് വ്യത്യസ്തമായി കൃത്യമായ രാഷ്ട്രീയ പോരുതന്നെയായിരുന്നു മുല്ലശേരി പഞ്ചായത്തിലെ ഏഴാം വാർഡ് പതിയാർ കുളങ്ങരയിലെ ഉപതെരഞ്ഞെടുപ്പ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും മുല്ലശേരിയിൽ ഇതാവർത്തിക്കുമെന്ന വ്യക്തമായ സൂചനയാണ് ഉപതെരഞ്ഞെടുപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.