താമസിക്കുന്ന വീടിനും ഭൂമിക്കും കൈവശ രേഖ ലഭിച്ചില്ല
text_fieldsപാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ പാടൂർമാട്, പണ്ടാരമട് നിവാസികൾ വർഷങ്ങളായി താമസിക്കുന്ന ഭൂമിയുടെ കൈവശരേഖക്ക് കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായി. തീരദേശ നിവാസികളായ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ 15 കുടുംബങ്ങൾക്കാണ് കൈവശരേഖയോ വീടോ റോഡോ ഇല്ലാത്തത്. മക്കളുടെ വിദ്യാഭ്യാസം പലവിധത്തിൽ നടത്തി കാലങ്ങൾ പോയതറിഞ്ഞില്ല. അതിനിടെ അടുത്ത നാൾ വരെ കുടിവെള്ളം താണ്ടിയുള്ള യാത്രയായിരുന്നു. പലരും ഇവിടം ഉപേക്ഷിച്ച് പോയി. വീട്ട് നമ്പറോ, റേഷൻകാർഡോ ഇവരിൽ പലർക്കുമില്ല. സർക്കാറിലേക്ക് പല തവണ കൈവശരേഖക്കും പട്ടയത്തിനും അപേക്ഷ നൽകി.
1987ൽ ഇവിടെയുള്ള കുറച്ച് പേർക്ക് ചാവക്കാട് താലൂക്ക്തലത്തിൽ നടത്തിയ പട്ടയമേളയിൽ കൈവശരേഖ നൽകി. പിന്നീട് അവർക്കെല്ലാം സർക്കാറിൽനിന്ന് വീടും മറ്റു അനുകൂല്യങ്ങളും ലഭിച്ചു. ശേഷിക്കുന്ന 15 പേർക്കാണ് താമസിക്കുന്ന ഭൂമിയുടെ കൈവശരേഖ ലഭിക്കാത്തത്.
മുരളി പെരുനെല്ലി എം.എൽ.എ വഴി നാട്ടുകാർ സർക്കാറിന് നിവേദനം നൽകി. അവസാനം സർക്കാറിന്റെ മണലൂർ മണ്ഡലംതല തീരസദസ്സിൽ വെച്ച് പൊതുപ്രവർത്തകൻ കെ.എ. ബാലകൃഷ്ണൻ ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
ഇവരുടെ ആവശ്യങ്ങൾ പലതവണ പത്ര ദൃശ്യമാധ്യമങ്ങളിലൂടെ വന്നിരുന്നു. 2018ലെ പ്രളയം, 2019ലെ പേമാരി, കോവിഡ് ഇവയെല്ലാം അതിജീവിച്ച് കൈവശരേഖ എപ്പോൾ കിട്ടുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള തീരദേശവാസികൾ.
അടിയന്തരമായി കലക്ടർ വിഷയത്തിൽ ഇടപെട്ട് അർഹതപ്പെട്ട ഇവർക്ക് കൈവശരേഖ നൽകണമെന്ന് പട്ടികജാതി ക്ഷേമസമിതി വെങ്കിടങ്ങ് വെസ്റ്റ് ലോക്കൽ സെക്രട്ടറിക്ക് കെ.വി. മനോഹരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.