സ്കൂട്ടർ മറിഞ്ഞു; പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ ഓടയിൽ വീണു
text_fieldsപാവറട്ടി: പാവറട്ടി സെന്റർ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ വീണു. ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലുവായി വടക്കേപുരക്കൽ വീട്ടിൽ ജയശ്രീ, സഹോദരൻ ജിതിൻ, ജയശ്രീയുടെ രണ്ട് വയസുള്ള മകൻ എന്നിവരാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. മതിയായ സുരക്ഷ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാത്തതാണ് അപകട കാരണം.
ഓട നിർമിച്ച ശേഷം നികത്താതെ കിടന്ന കുഴിയിൽ ജിതിൻ കാൽ കുത്തിയതോടെ മൂന്നുപേരും സ്കൂട്ടറക്കം മറിയുകയായിരുന്നു. ഓടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ജയശ്രീയുടെ തലയിടിച്ചെങ്കിലും ഹെൽമെറ്റ് ഉള്ളതിനാൽ പരിക്കേറ്റില്ല. ജയശ്രീയുടെ മടിയിലായിരുന്നതിനാൽ കുഞ്ഞിനും പരിക്കില്ല. ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപെട്ടവരെയും സ്കൂട്ടറും പുറത്തെടുക്കുകയായിരുന്നു. അപകടം സി.സി.ടി.വിയിൽ വ്യക്തമാണ്.
ഒരു വർഷമായി അമൃത് കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡിന്റെ പുനനിർമാണവും നടക്കുന്നതിനാൽ പുവ്വത്തൂർ മുതൽ പാവറട്ടി സംസ്കൃത കോളജ് വരെ രണ്ടര കിലോമീറ്റർ ദുരിതയാത്രയാണ്. അപകടം വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.