നടപ്പാത കൈയേറ്റം; നടപടിയുമായി പൊലീസ്
text_fieldsതൃശൂർ: നടപ്പാതകൾ കൈയേറുന്നതിനെതിരെ പൊലീസ് രംഗത്ത്. തൃശൂർ നഗരത്തിലടക്കം ജില്ലയിലെ വിവിധ പാതകളിൽ ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് നടപടിയുമായി പൊലീസ് രംഗത്ത് വന്നത്. നടപ്പാതകളിലെ കൈയേറ്റം കാരണം കാൽനട യാത്രക്കാർ വലയുകയാണ്.
അടുത്തിടെ നഗരത്തിലുണ്ടായ അപകടങ്ങളിൽ കാൽനടക്കാർക്കും പരിക്കേറ്റിരുന്നു. തിരക്കേറിയ നഗര റോഡുകളിൽ പൊതുഗതാഗതവും കാൽനടയും ലോകമാകെ പ്രോത്സാഹിക്കുമ്പോഴാണ് സാംസ്കാരിക നഗരി അപവാദമാവുന്നത്. വർഷങ്ങൾക്ക് മുമ്പ് തൃശൂർ ഗവ. കോളജിൽ എത്തിയ ലോക രഷ്ട്രങ്ങളിൽ നിന്നുള്ള നിർമാണ വിദഗ്ധർ തൃശൂരിന്‍റെ പൈതൃകം സംരക്ഷിക്കാൻ നഗരത്തിലേക്ക് ഒരുപരിധിവരെ വാഹനങ്ങൾ കടത്തിവിടരുതെന്ന് വ്യക്തമാക്കിയിരുന്നു. തൃശൂരിനെ കാൽനട സൗഹൃദ നഗരിയാക്കാൻ നേരത്തെ പദ്ധതിയും ആവിഷ്കരിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപ്പായിട്ടില്ല.
പരാതി നൽകാം
നടപ്പാതകളിൽ അനധികൃത കച്ചവടം, സാധനങ്ങൾ നിരത്തിവെക്കൽ, പ്രചാരണ സാമഗ്രികൾ സ്ഥാപിക്കൽ, കൈയേറ്റം, വാഹന പാർക്കിങ് തുടങ്ങിയവ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപെടുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ കാണുകയാണെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിക്കോ പൊലീസ് സ്റ്റേഷനിലോ പരാതി നൽകാം. റോഡ് കൈയേറ്റങ്ങൾ ഒഴിവാക്കി, അപകടങ്ങൾ ഇല്ലാതാക്കുന്നതിന് സഹകരിക്കാൻ വ്യാപാരികളോടും വാഹന ഉടമകളോടും തൃശൂർ സിറ്റി പൊലീസ് ആവശ്യപ്പെട്ടു.
ഫോണിൽ വിളിക്കാം
തൃശൂർ നഗരത്തിൽ നടപ്പാത കൈയേറ്റം മൂലം കാൽനടയാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിക്കാം. ഫോൺ: 0487-2424192. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റ് - 0487 2445259.
കൈയേറ്റം അപകടങ്ങൾക്ക് കാരണമാകും
കാൽനടയാത്രക്കാർക്ക് നടക്കാനുള്ള ഭാഗമാണ് നടപ്പാതകൾ. ഇവ കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ അപകടങ്ങൾ കുറച്ചുകൊണ്ടുവരാനാകും. നഗരത്തിലും ഗ്രാമങ്ങളിലുമുള്ള റോഡുകളിൽ കാൽനടയാത്രക്കാർക്കുവേണ്ടി മാറ്റിവെച്ച നടപ്പാതകൾ കച്ചവടത്തിനായും വാഹന പാർക്കിങ്ങിന് വേണ്ടിയും കൈയേറുന്നത് സ്ഥിരം കാഴ്ചയാണ്.
ഇവ കൈയേറുമ്പോൾ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. വാഹനാപകടങ്ങളിൽ മരിക്കുന്നവരിലും ഗുരുതര പരിക്കേൽക്കുന്നവരിലും വലിയൊരു ഭാഗം കാൽനട യാത്രക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.