പീച്ചി-വാഴാനി ടൂറിസം കോറിഡോർ റോഡ്
text_fieldsതൃശൂർ: പീച്ചി-വാഴാനി ടൂറിസം കോറിഡോർ റോഡ് പുനർനിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പുറമ്പോക്ക് ഭൂമിയിലെ ഒഴിപ്പിക്കൽ ജനുവരിയോടെ പൂർത്തീകരിക്കാൻ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഏകകണ്ഠ തീരുമാനം.
ഒഴിയാൻ നോട്ടീസ് നൽകിയ സ്ഥലങ്ങളിൽ ഒഴിപ്പിക്കൽ തുടങ്ങണമെന്നും നോട്ടീസ് കൊടുക്കാൻ ബാക്കിയുള്ളവർക്ക് ഈ മാസത്തോടെ നോട്ടീസ് നൽകണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ജനുവരിയോടെ ഒഴിപ്പിക്കൽ പൂർത്തീകരിക്കണമെന്നാണ് തീരുമാനം. തർക്കങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും.
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട് മുതൽ തെക്കുംകര ഗ്രാമപഞ്ചായത്തിലെ കരുമത്ര വരെ 11.560 കി.മീ. റോഡ് പുനർ നിർമിക്കാനാണ് പുറമ്പോക്കുഭൂമി ഏറ്റെടുക്കുന്നത്. തെക്കുംകര പഞ്ചായത്തിൽ പദ്ധതി പ്രദേശത്ത് വീടുകൾ ഒഴിപ്പിക്കാനില്ലെന്ന് യോഗത്തിൽ അധികൃതർ അറിയിച്ചു.
മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ഒഴിപ്പിക്കാനുള്ള വീടുകളുടെ കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട പ്രദേശത്തെ പുറമ്പോക്കുഭൂമി പൂർണമായും ഏറ്റെടുത്തേ മതിയാകൂവെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പുറമ്പോക്ക് വിട്ടുകിട്ടാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകുമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ജില്ല പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, കേരള റോഡ് ഫണ്ട് ബോർഡ് അസി. എക്സി. എൻജിനീയർ ഇ.ഐ. സജിത്, അസി. എൻജിനീയർ ഐ.എസ്. മൈഥിലി, തെക്കുംകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. ടി.എൻ. ബിന്ദു, റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.