പീച്ചി പൊലീസ് സ്റ്റേഷൻ മാവോയിസ്റ്റ് ഭീഷണിയുള്ളതെന്ന്അസി.കമീഷണർ, അല്ലെന്ന് കമീഷണർ
text_fieldsതൃശൂർ: ജില്ലയിലെ പീച്ചി പൊലീസ് സ്റ്റേഷൻ മാവോയിസ്റ്റ് ഭീഷണി നേരിടുന്നതെന്ന് അസി.കമീഷണർ. ജില്ലയിൽ ഒരു പൊലീസ് സ്റ്റേഷനുകൾക്കും മാവോയിസ്റ്റ് ഭീഷണികളില്ലെന്ന് കമീഷണറുടെ മറുപടി.
നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷിന് രേഖാമൂലം ഇരു ഓഫിസും നൽകിയ മറുപടികളാണ് വ്യത്യസ്ത രീതിയിലുള്ളത്. പീച്ചി പൊലീസിനെതിരായ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു വിവരാവകാശപ്രകാരം മറുപടി തേടിയത്.
പട്ടിക്കാട് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയയാൾ ഹോട്ടലുടമയുമായി തർക്കത്തിലേർപ്പെടുകയും ഉടമയും ജീവനക്കാരും മർദിച്ചുവെന്ന പരാതി നൽകിയിരുന്നു. ഹോട്ടലിലിലെ സി.സി.ടി.വി കാമറകൾ പോലും പരിശോധിക്കാതെ ഹോട്ടലുടമയെയും മകനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും, പരാതി പിൻവലിക്കാൻ എസ്.ഐ സാഹചര്യമൊരുക്കിയെന്നും ആക്ഷേപമുയർന്നതോടെയാണ് പരാതിക്കായി സ്റ്റേഷനുകളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ സതീഷ് ആവശ്യപ്പെട്ടത്. പീച്ചി പൊലീസ് ദൃശ്യങ്ങൾ നൽകിയില്ല.
ഇതിന് രേഖാമൂലം മറുപടി തേടിയതിൽ വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്നതിനാൽ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷനാണെന്നും ദൃശ്യങ്ങൾ തരാനാവില്ലെന്നുമായിരുന്നു അസി. കമീഷണർ മറുപടി നൽകിയത്. ഇതിൽ അപ്പീൽ നൽകിയതിലാണ് കമീഷണർക്ക് വേണ്ടി അഡീ. സൂപ്രണ്ട് നൽകിയ മറുപടിയിലാണ് ജില്ലയിൽ ഒരുപൊലീസ് സ്റ്റേഷനുകൾക്കും മാവോയിസ്റ്റ് ഭീഷണികളില്ലെന്ന് വ്യക്തമാക്കിയത്.
പാലക്കാട് സ്വദേശിയാണ് ഭക്ഷണത്തിന് രുചിപോരെന്ന് പറഞ്ഞ് തർക്കത്തിലായത്. ഇയാൾ നൽകിയ പരാതിയിലായിരുന്നു പീച്ചി പൊലീസ് ഉടമയെയും മകനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പറഞ്ഞ് മർദിക്കുകയും ഉടമയിൽനിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങി പരാതിക്കാരനെ കൊണ്ട് പരാതി പിൻവലിപ്പിക്കുകയും ചെയ്തുവത്രെ. പണം പരാതിക്കാരൻ തട്ടിയെന്നാണ് പറയുന്നത്. ഹോട്ടലുടമയോട് വിലപേശുവാനുള്ള സാഹചര്യം പരാതിക്കാരന് പീച്ചി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന പി.എം. രതീഷ് ഒരുക്കി നൽകിയെന്നും എസ്.ഐക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ഐ.ജി ഉത്തരവിട്ടു. കമീഷണറാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.