പീച്ചി കനാലുകള്‍ ഇന്ന് തുറക്കും; ജലനിരപ്പ് ഉയരാൻ സാധ്യത
text_fieldsതൃശൂർ: വേനല്‍ക്കാല കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പീച്ചി ഡാമില്‍നിന്നും കുടിവെള്ള ആവശ്യത്തിന് ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തേക്ക് ഇടതുകര കനാലിലൂടെയും ഏഴ് മുതല്‍ ഒമ്പത് ദിവസം വലതുകര കനാലിലൂടെയും തുടര്‍ന്ന് അഞ്ച് ദിവസം പുഴയിലൂടെയും വെള്ളം തുറന്ന് വിടുമെന്ന് കലക്ടര്‍ വി.ആര്. കൃഷ്ണതേജ അറിയിച്ചു.
നിര്‍ദേശങ്ങള്‍ പാലിക്കണം
ഡാമില്‍നിന്നും വെള്ളം പുറത്തേക്കൊഴുക്കുന്നതുമൂലം അധികജലം ഒഴുകിവന്ന് ഇറിഗേഷന്‍ കനാലിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും കനാലില്‍ ഇറങ്ങാനും കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച നടപടി സ്വീകരിക്കാന്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സിറ്റി ജില്ല പൊലീസ് മേധാവി നല്‍കണം.
വെള്ളം പുറത്തേക്കൊഴുക്കുന്ന ഓരോഘട്ടത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും അലെര്‍ട്ട് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനീയര്‍ക്ക് നിര്‍ദേശം നല്കി.
പാടശേഖരങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെങ്കില്‍, ആവശ്യമായ നടപടി സ്വീകരിക്കാൻ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും വെള്ളം കയറുന്നത് കൃത്യമായ ഇടവേളകളില്‍ നേരിട്ട് പരിശോധിക്കാനും വേണ്ട സഹായം ലഭ്യമാക്കാനും ബന്ധപ്പെട്ട കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഇത് പരിശോധിച്ച് ഉറപ്പാക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.
നിലവില്‍ മുണ്ടകന്‍ കൃഷിക്കും ഒന്നാംഘട്ട കുടിവെള്ള ആവശ്യത്തിനും വേണ്ടി ജലവിതരണം നടത്തിയശേഷം ഡാമില്‍ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ് 12.03 എം.എം ക്യൂബ് ആണ്. തൃശൂര്‍ കോര്‍പറേഷനിലെയും സമീപ പഞ്ചായത്തുകളിലെയും ഗവ. മെഡിക്കല്‍ കോളജിലെയും കുടിവെള്ള വിതരണത്തിനുള്ള വെള്ളത്തിന്റെ കരുതല്‍ ശേഖരം നിലനിര്‍ത്തിയാണ് പീച്ചി പ്രോജക്ട് ഉപദേശക സമിതി യോഗത്തെ തുടര്‍ന്ന് കലക്ടര്‍ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.