സുമനസ്സുകൾ കൈകോർത്തു, കൃഷ്ണവേണിക്കും മകൾക്കും ഓലക്കൂരയിൽനിന്ന് മോചനം
text_fieldsകയ്പമംഗലം: കരുണാർദ്ര മനസ്സുകൾ കൈകോർത്തപ്പോൾ ഒറ്റമുറിയുടെ ഓലക്കൂരയിൽ കഴിഞ്ഞിരുന്ന അമ്മക്കും മാനസിക വൈകല്യമുള്ള മകൾക്കും മോചനമായി. കയ്പമംഗലം കാളമുറി കിഴക്ക് കാഞ്ഞിരപ്പറമ്പിൽ പരേതനായ സോമെൻറ ഭാര്യ കൃഷ്ണവേണിക്കും മകൾക്കുമാണ് ഫ്രണ്ട്സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ് ഓണസമ്മാനമായി പുതിയ വീട് നിർമിച്ച് നൽകിയത്.
400 ചതുരശ്ര അടിയിൽ പണിതീർത്ത വീടിന് മൂന്നര ലക്ഷം രൂപയാണ് ചെലവ്. ലോക്ഡൗൺ നാളുകളിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് അന്നം എത്തിക്കുന്നതിനിടയിലാണ് കൃഷ്ണവേണിയമ്മയുടെയും മകളുടെയും ദുരവസ്ഥ ഫ്രണ്ട്സ് ഫോർ എവർ പ്രവർത്തകർ നേരിട്ടറിഞ്ഞത്. മരംവീണ് പാതി പൊളിഞ്ഞുവീണ കൂര പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയതായിരുന്നു.
മകനും തുടര്‍ന്ന്‍ ഭര്‍ത്താവും മരണപ്പെട്ട വയോധിക നാട്ടുകാരുടെ കാരുണ്യത്തിലാണ് മകളോടൊപ്പം കഴിയുന്നത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്ക് ഏതുസമയത്തും ഇഴ ജന്തുക്കള്‍ കയറിവരാവുന്ന അവസ്ഥയായിരുന്നു.
പ്രാഥമികാവശ്യങ്ങള്‍ അയൽ വീടുകളെയാണ് ആശ്രയിച്ചിരുന്നത്. കൃഷ്ണവേണിയമ്മയുടെയും മകളുടെയും ദുരവസ്ഥ ഫ്രണ്ട്സ് ഫോർ എവർ വാട്‌സ്ആപ് കൂട്ടായ്മയിലൂടെ പങ്കുവെച്ചപ്പോൾ 24 മണിക്കൂറിനുള്ളിലാണ് വീട് വെക്കാനുള്ള പണം സ്വരൂപിച്ചത്. ഇവർ താമസിച്ചിരുന്ന വീടിനടുത്ത് രണ്ട് മാസത്തിനുള്ളിൽ പുതിയ വീട് നിർമിച്ചു നൽകി. ശനിയാഴ്ച നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ വീടിെൻറ താക്കോൽ കൈമാറി.
കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ബാബു അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സുരേഷ് കൊച്ചുവീട്ടിൽ, മധു ഭായ്, ഫ്രണ്ട്സ് ഫോർ എവർ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധികളായ പി.എം. നൗഷാദ്, ടി.എം. അബ്ദുൾ റഷീദ്, ഷെമീർ എളേടത്ത്, രാജു ശാന്തി, നൗഫൽ ചെന്ത്രാപ്പിന്നി, ഫാത്തിമ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. കൃഷ്ണവേണിയമ്മക്കും മകൾക്കും ഓണപ്പുടവയും നൽകി. കട്ടിലും, കിടക്കയും, പാത്രങ്ങളും, ഗ്യാസ് അടുപ്പും ഉൾപ്പെടെയുള്ള സാധനങ്ങളും ഓണസമ്മാനമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.