പൂകൃഷിയിൽ നൂറുമേനിയുമായി പെരിഞ്ഞനം പഞ്ചായത്ത്
text_fieldsകയ്പമംഗലം: പൂകൃഷിയിൽ വിജയഗാഥ രചിച്ച് പെരിഞ്ഞനം പഞ്ചായത്ത്. ഓണ വിപണി ലക്ഷ്യമിട്ട് പഞ്ചായത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് മികച്ച വിളവ് നൽകിയത്. ഓണത്തിന് മറുനാടൻ പൂക്കൾ ഒഴിവാക്കി സ്വന്തമായി ഉൽപാദിപ്പിച്ച പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരിഞ്ഞനം പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂകൃഷി ആരംഭിച്ചത്. വിവിധ വാർഡുകളിലായി അഞ്ച് ഏക്കറോളം സ്ഥലത്ത് 20,000 ചെണ്ടുമല്ലിയാണ് കൃഷി ചെയ്തത്. കൃഷിഭവൻ മുഖേന ഒരു രൂപ നിരക്കിലാണ് ചെണ്ടുമല്ലി തൈകൾ നൂറോളം കർഷകർക്കും ഗ്രൂപ്പുകൾക്കും നൽകിയത്. വളത്തിന് 70 ശതമാനം സബ്സിഡിയും നൽകി.
ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ മികച്ച വിളവാണ് പൂകൃഷിയിൽ പെരിഞ്ഞനം പഞ്ചായത്തിന് കൈവരിക്കാനായത്. 50 മുതൽ 60 വരെ രൂപ നിരക്കിൽ പ്രാദേശികമായി പൂ വിറ്റഴിക്കാനാണ് തീരുമാനം.
പെരിഞ്ഞനം അഞ്ചാം വാർഡിൽ റൈഹാൻ ജെ.എൽ.ജി നടത്തിയ ചെണ്ടുമല്ലി തോട്ടത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർപേഴ്സൻ ഇ.ആർ. ഷീല അധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ഹേമലത രാജ്ക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലീൽ, കൃഷി ഓഫിസർ ഭാനു ശാലിനി, പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. അബ്ദുന്നാസർ, സായിദ മുത്തുക്കോയ തങ്ങൾ, സുജിത സലീഷ്, ഉണ്ണികൃഷ്ണൻ, ശെൽവ പ്രകാശ്, സുധ ശിവരാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. കരീം, സി.ഡി.എസ് ചെയർപേഴ്സൻ സരിത കണ്ണൻ, റൈഹാൻ ജെ.എൽ.ജി ഗ്രൂപ് സെക്രട്ടറി സാജിത അബ്ദുല്ലക്കുട്ടി, സി.സി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.