നാടിനാശ്വാസം; കുണ്ടൂർ കടവിൽ നിർമാണാനുമതി ലഭിച്ച പാലം പായ്തുരുത്തിലേക്ക്
text_fieldsകുണ്ടൂർ പായ്തുരുത്ത് പാലത്തിന്റെ നിർദിഷ്ട പ്രദേശത്തെ തൂക്കുപാലം
മാള: ചാലക്കുടി പുഴയുടെ മധ്യഭാഗത്തുള്ള പായ്തുരുത്തിലെ 44ഓളം കുടുംബങ്ങൾ ഇരുകരകളിലേക്കും കയറാനാവാതെ ദുരിതത്തിൽ ആയിരുന്നു. ഇവർക്ക് ദുരിതത്തിൽനിന്ന് മോചനമാവുകയാണ് പാലം. പൊതുമരാമത്ത് വകുപ്പ് എറണാകുളം ജില്ലയിൽനിന്ന് പായ്തുരുത്തിയിലേക്ക് പാലം നിർമിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പായ്തുരുത്തിൽനിന്നും കുണ്ടൂരിലേക്ക് പാലം നിർമിച്ചില്ല.
ഒരുകരയിലേക്ക് എത്താൻ ഒരു വഴി തുറന്നു കിട്ടി എന്നല്ലാതെ ഇരുകരകളിലേക്കും പോകാനുള്ള വഴി ഇവർക്ക് ഉണ്ടായിരുന്നില്ല. കൂടുതൽ വീട്ടുകാരും തൃശൂർ ജില്ലയിലെ കൂഴൂർ പഞ്ചായത്ത് രേഖകളിൽ ഉള്ളവരാണ്. ഔദ്യോഗിക കാര്യാലയങ്ങൾ സന്ദർശിക്കാൻ അവർക്ക് ഇക്കരെ എത്തണം. ആരാധനാലയത്തിൽ പോകാനും കുണ്ടൂരിൽ എത്താതെ മാർഗമില്ല. ഇതിന് പരിഹാരമായാണ് തൂക്കുപാലം നിർമിച്ചത്. പ്രളയ കാലത്ത് തകർന്ന തൂക്കുപാലം പുനർനിർമിച്ചെങ്കിലും വാഹന ഗതാഗത പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.
നിലവിൽ സർക്കാർ അംഗീകരിച്ച കുണ്ടൂർ കുത്തിയതോട് പാലം മാറ്റി പായ്തുരുത്തിനെ ബന്ധിപ്പിക്കുന്നത് വഴി തുരുത്തിന്റെ ദുരിതത്തിന് അറുതി വരികയാണ്. 2017 ജൂലൈ 10ന് ഇറക്കിയ ഉത്തരവിൽ കുത്തിയതോട്-കുണ്ടൂർ പാലത്തിന് 25 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. 205 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും നടപ്പാതയുള്ള പാലമാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്. അതേസമയം, ബജറ്റിൽ പ്രഖ്യാപനം വന്നതല്ലാതെ പാലം യാഥാർഥ്യമായില്ല.
കുണ്ടൂരിൽനിന്ന് പായ്തുരുത്തിലേക്ക് പാലം നിർമാണത്തിന് പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പുഴയുടെ വീതി കുറഞ്ഞ ഭാഗമായ ഇവിടെ പാലം നിർമിക്കാൻ ചെലവ് കുറയുമെന്നും എതിർപ്പുകൾ ഉണ്ടാകില്ലെന്നും മനസ്സിലാക്കിയാണ് ബദൽ നിർദേശം മുന്നോട്ടുവെച്ചത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുത്തിയതോട് പ്രദേശത്തുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചതാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചത്. അനിശ്ചിതത്വം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് കുഴൂർ പഞ്ചായത്ത് കുണ്ടൂരിൽനിന്ന് പായ്തുരുത്തിലേക്ക് പാലം നിർമിക്കണമെന്ന ബദൽ നിർദേശം മുന്നോട്ടുവെച്ചു.
നേരത്തേ നിശ്ചയിച്ച് പദ്ധതിയിട്ട സ്ഥലത്തുനിന്ന് അര കിലോമീറ്റർ മാറിയാണ് ഇപ്പോൾ അംഗീകാരം നേടിയ പ്രദേശം. സ്ഥലം സന്ദർശിച്ച വി.ആർ. സുനിൽകുമാർ എം.എൽ.എ പഞ്ചായത്തിന്റെ നിർദേശത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.