മുൻ കൗൺസിലറുടെ കൃഷിഭൂമിയിൽ കെട്ടിട നിർമാണത്തിന് അനുമതി; നഗരസഭ എൻജിനീയർമാർക്ക് സ്ഥലംമാറ്റം
text_fieldsകുന്നംകുളം: കൃഷിയിടം കരഭൂമിയെന്ന് കാണിച്ച് കെട്ടിട നിര്‍മാണത്തിന് അനുമതി നല്കിയ സംഭവത്തിൽ നടന്ന വിജിലന്‍സ് അന്വേഷണത്തിൽ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കുന്നംകുളം മുനിസിപ്പൽ എന്‍ജിനീയര്‍ ഇ.സി. ബിനായ് ബോസ്, അസി. എന്‍ജിനീയര്‍ ടി.ജെ. ജിജോ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ബിനായ് ബോസിനെ വയനാട് ജില്ലയിലേക്കും ജിജോയെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്കുമാണ് മാറ്റിയത്.
2018ല്‍ പുറത്തുവന്ന വിജിലന്‍സ് ശിപാര്‍ശയാണ് മൂന്നുവര്‍ഷത്തിനുശേഷം നടപ്പാക്കുന്നത്. സി.എം.പി ഏരിയ സെക്രട്ടറിയും നഗരസഭ മുന്‍ കൗണ്‍സിലറുമായ എം.കെ. ജയ്സിങ്ങിന് കാണിയാമ്പാല്‍ പാടത്തെ പാറയുൾപ്പെടുന്ന 32 സെൻറ് സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ വർഷങ്ങൾക്ക് മുമ്പ് നഗരസഭ സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഡാറ്റ ബാങ്കില്‍ ഈ സ്ഥലം തണ്ണീര്ത്തടമാെണന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, മറ്റുരേഖകളില്‍ കരഭൂമിയാണ്. കൃഷി ഓഫിസറും നഗരസഭ ഓവര്‍സിയറും സ്ഥലം പരിശോധിച്ച് ഈ സ്ഥലം പാറ പരന്ന് കിടക്കുന്ന സ്ഥലമാണെന്ന് നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിഷയത്തില്‍ മുനിസിപ്പല്‍ എന്‍ജിനീയര്‍ വിഭാഗം, സെക്രട്ടറിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. നഗരസഭ സെക്രട്ടറിയായിരുന്ന ജയകുമാര്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്കി. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ വിജിലന്‍സില്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിെൻറ ഭാഗമായാണ് മൂന്നു വര്‍ഷത്തിനുശേഷം സ്ഥലം മാറ്റിയത്. കേസില്‍ ഏഴ് പേരാണ് ഉള്‍പ്പെട്ടത്.
നഗരസഭ സെക്രട്ടറി, എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍, ഓവര്‍സിയര്‍, കൃഷി ഓഫിസര്‍, കൗൺസിലർ, അദ്ദേഹത്തിെൻറ ഭാര്യ എന്നിവരെയാണ് പ്രതിചേർത്തിരുന്നത്. ഇതില്‍ രണ്ടുപേര്‍ മാത്രമാണ് കുന്നംകുളം നഗരസഭയില്‍ ഇപ്പോൾ ജോലിചെയ്യുന്നത്. മറ്റുള്ളവരിൽ ചിലർ സ്ഥലംമാറിപ്പോയവരും വിരമിച്ചവരുമാണ്.
2018ല്‍ വന്ന ഉത്തരവ് നടപ്പാക്കാന്‍ മുന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. പുതിയ തദ്ദേശ സ്വയംഭരണ മന്ത്രി പഴയ ഫയലുകൾ പരിശോധിച്ചതിെൻറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും സ്ഥലംമാറ്റാൻ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.