പൊലീസിനെതിരായ ഹരജി ഫയലിൽ സ്വീകരിച്ചു
text_fieldsതൃശൂർ: സാക്ഷിയായി ചേർത്തിരുന്നയാൾക്ക് കോടതിയയച്ച സമൻസ് കൈമാറാതെ വ്യാജ ഒപ്പിട്ട് ആളെ കുടുക്കാൻ നോക്കിയ കേസിൽ പരാതിക്കാരന്റെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. പൊതുപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ മറ്റത്തൂർ കാട്ടിക്കുളം വീട്ടിൽ കൊടകര അജിത്താണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. ഇതുസംബന്ധിച്ച് കോടതിയിൽനിന്നും പൊലീസിൽനിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടികളടക്കമുള്ള രേഖകളോടെയാണ് കോടതിക്ക് നേരിട്ട് പരാതി നൽകിയത്.
കൊടകര സ്റ്റേഷൻ ഹൗസ് ഓഫിസർ ജയേഷ് ബാലനെതിരെയാണ് ഹരജി. 2014ൽ പ്രദേശത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സാക്ഷിയായിരുന്നു അജിത്ത്. ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണ തുടങ്ങിയെങ്കിലും 2020ലും 2021ലുമടക്കം സമൻസ് അയച്ചിട്ടും അജിത്ത് ഹാജരാവാത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പരിചയത്തിലുള്ള ഒരു പൊലീസുകാരനാണ് വാറണ്ട് ആയിട്ടുണ്ടെന്ന വിവരം അജിത്തിനെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ നേരിട്ട് ഹാജരായ അജിത്തിനെതിരെ കോടതി കടുത്ത വിമർശനമുന്നയിച്ചിരുന്നു.
ഇതോടെയാണ് സമൻസ് കിട്ടിയിട്ടില്ലെന്ന് അജിത്ത് കോടതിയെ അറിയിച്ചത്. വിഷയത്തിൽ കോടതിയിൽ തന്നെ തർക്കമായപ്പോൾ ‘ഒപ്പുവെച്ച്, ശേഷം കൊടകര എസ്.എച്ച്.ഒ ഒപ്പുവെച്ച് മടക്കിയ സമൻസ് ലഭിച്ചിട്ടുണ്ടെന്ന് മജിസ്ട്രേറ്റ് കോടതിയിൽ അറിയിച്ചു. പ്രതികരണങ്ങൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽതന്നെ അന്ന് അജിത്തിനെ വിട്ടയച്ചുവെങ്കിലും വിവരാവകാശ പ്രവർത്തകൻ കൂടിയായ അജിത്ത് വിഷയം വിട്ടില്ല. കോടതിയിൽനിന്ന് അയച്ച സമൻസിന് എന്ത് സംഭവിച്ചുവെന്ന് അന്വേഷണം ആരംഭിച്ചു. കോടതിയിൽ തന്നെ വിവരാവകാശം വെച്ചു. കോടതിയിൽനിന്ന് അയച്ച സമൻസ് വാസന്തി എന്നയാൾ കൈപ്പറ്റി പേരെഴുതി ഒപ്പുവെച്ച് പകർപ്പ് കോടതിയിൽ തിരിച്ചേൽപ്പിച്ചിരിക്കുന്നുവെന്ന് മറുപടി ലഭിച്ചതോടെ ആരാണ് വാസന്തിയെന്ന അന്വേഷണമായി.
ഇതോടെയാണ് അന്വേഷണം കൊടകര സ്റ്റേഷനിലെത്തിയത്. കൊടകര സ്റ്റേഷനിൽ പാചകത്തിനും സഹായത്തിനുമായെത്തുന്നവരാണ് വാസന്തിയെന്നാണ് അറിഞ്ഞതെന്ന് അജിത്ത് പറഞ്ഞു. വിവരാവകാശ മറുപടി ലഭിച്ചതോടെ നിയമനടപടികളിലേക്കും അജിത്ത് കടന്നു. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇതിന്റെ തുടർച്ചയായിട്ടാണ് കോടതിയെ സമീപിച്ചത്. എസ്.എച്ച്.ഒ ജയേഷ് ബാലൻ മനഃപൂർവം സമൻസ് നൽകാതെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ നിയമം അനുസരിക്കാത്ത ആളാണെന്ന് കാണിക്കാൻ ചെയ്ത പ്രവൃത്തിയാണെന്ന് അജിത്ത് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. കൊടകര മുൻ എസ്.എച്ച്.ഒക്കെതിരായ ഇ.ഡി അന്വേഷണം നടക്കുന്നത് അജിത്തിന്റെ പരാതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.