വഖഫ് വിഷയത്തില്‍ പിണറായി ലീഗിന് മുന്നിൽ മുട്ടുകുത്തും -എം.കെ. മുനീര്‍
text_fieldsതൃശൂര്‍: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം ലീഗിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ. എം.കെ. മുനീര്‍ എം.എൽ.എ. വഖഫ് നിയമനത്തിലെ ഗൂഢാലോചന അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മത സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്നാണ് പിണറായി വിജയന് പറയുന്നത്. പിണറായി വിജയന് കമ്യൂണിസ്റ്റാണോയെന്ന് ആദ്യം മറുപടി പറയട്ടെ. വഖഫ് നിയമം മരവിപ്പിക്കുമെന്ന് മതപണ്ഡിതരോട് പറയുന്ന പിണറായി, പാര്‍ട്ടി സമ്മേളനങ്ങളില്‍ പറയുന്നത് അത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ്. മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത് പൗരത്വ നിയമത്തിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് ഒരു കേസും നിലവിലില്ലെന്നാണ്. എന്നാല്‍, സമരം ചെയ്ത സമസ്ത, ലീഗ് പ്രവര്‍ത്തകരെ വലിയ തുക പിഴയടപ്പിക്കുകയാണ്.
എസ്.ഡി.പി.ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും തരാതരം ബന്ധം സ്ഥാപിച്ചവരാണിപ്പോള്‍ മുസ്ലിം ലീഗ് -ജമാഅത്തെ ഇസ്ലാമി ബന്ധത്തെക്കുറിച്ച് പറയുന്നത്. വർഗീയത ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ലീഗ് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, പി.എം. സാദിഖലി, ജില്ല ജനറല്‍ സെക്രട്ടറി പി.എം. അമീര്‍, ട്രഷറര്‍ എം.പി. കുഞ്ഞിക്കോയ തങ്ങള്‍ എന്നിവർ സംസാരിച്ചു. പടിഞ്ഞാറേകോട്ട നേതാജി ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് നേതാക്കൾ നേതൃത്വം നൽകി.
മുസ്ലിം ലീഗ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉന്നതാധികാര സമിതി അംഗം ഡോ. എം.കെ. മുനീര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.