കാട്ടൂരില്‍ പൈപ്പ് പൊട്ടി റോഡില്‍ ഗര്‍ത്തം, ഗതാഗതം സ്തംഭിച്ചു
text_fieldsകാട്ടൂര്‍: കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങി. തീരദേശമേഖലയിലെ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി കാട്ടൂര്‍ എസ്എന്‍.ഡി.പി ഹൈസ്കൂള്‍ റോഡില്‍ പൊഞ്ഞനം ക്ഷേത്രത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. തുടര്‍ന്ന് റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ പുഴയില്‍നിന്ന് പമ്പിങ് നടത്തി വെള്ളാനി പ്ലാന്റില്‍ ശുദ്ധീകരണം പൂര്‍ത്തിയാക്കി വെള്ളാനി സംഭരണിയില്‍നിന്ന് പോകുന്ന 700 എം.എം പ്രിമോ പൈപ്പാണ് പൊട്ടിയത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പമ്പിങ് നിര്‍ത്തിവെച്ചു. എസ്.എന്‍ പുരം മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസ്സപ്പെട്ടിരിക്കുന്നത്.
മതിലകം, വാടാനപ്പിള്ളി സെക്ഷനുകളിലായി ഏങ്ങണ്ടിയൂര്‍, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈയ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്.എന്‍ പുരം എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. 30,000 ഗുണഭോക്താക്കള്‍ക്കുള്ള ശുദ്ധജല വിതരണമാണ് മുടങ്ങിയത്. ഈ മേഖലയില്‍ പൈപ്പ് പൊട്ടലും വെള്ളം ചീറ്റലും സ്ഥിരമാണ്.
കാലപ്പഴക്കമുള്ള പഴയ പ്രിമോ പൈപ്പായതിനാല്‍ മര്‍ദം താങ്ങാന്‍ ശേഷിയില്ലാത്തതാണ് അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ജല അതോറിറ്റി അധികൃതര്‍ ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി പൈപ്പു മാറ്റാൻ നടപടി സ്വീകരിച്ചു. കഴിയുന്നത്ര വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് പമ്പിങ് പുനരാരംഭിക്കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍, മഴ കാരണം പണികള്‍ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
കുടിവെള്ള വിതരണം ഇന്നും തടസ്സപ്പെടുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. കുടിവെള്ള വിതരണം നീണ്ടുപോയാല്‍ തീരദേശ മേഖലയിലെ ജനജീവിതം വലിയ വിഷമത്തിലാകും. കിണറുകളില്‍ ഉപ്പു കലര്ന്നതിനാല് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് പ്രധാനമായും മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.