റോഡ് നിറയെ കുഴികൾ; വലഞ്ഞ് യാത്രക്കാര്‍
text_fieldsവെള്ളിക്കുളങ്ങര: മറ്റത്തൂര്‍, കോടശേരി പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന കോടാലി -വെള്ളിക്കുളങ്ങര റോഡില്‍ കുഴികള്‍ നിറഞ്ഞത് യാത്രക്കാര്‍ക്ക് ദുരിതമായി. കൊടുങ്ങ മുതല്‍ വെള്ളിക്കുളങ്ങര സ്കൂള്‍ ജങ്ഷന് വരെയുള്ള ഭാഗത്താണ് കുഴികള്‍ നിറഞ്ഞത്.
കൊടുങ്ങ പാലം, വെള്ളിക്കുളങ്ങര വായനശാല, ബസ് സ്റ്റാന്‍ഡ്, സര്‍ക്കാര്‍ സ്കൂള്‍ എന്നിവയുടെ പരിസരങ്ങളിലാണ് റോഡില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടിട്ടത്. മഴ പെയ്താല്‍ കൊടുങ്ങ പാലത്തിന് സമീപം വെള്ളക്കെട്ടു രൂപപ്പെടുന്നതാണ് ഇവിടെ റോഡ് തകരാന്‍ ഇടയാക്കുന്നത്.
വശങ്ങളില് വെള്ളം ഒഴുകി പോകാനുള്ള ചാലുകളുണ്ടെങ്കിലും പുല്ലും മണ്ണും മൂടി ഈ ചാലുകള്‍ അടഞ്ഞുപോയ നിലയിലാണ്. ഇതുമൂലം മഴ പെയ്യുമ്പോള്‍ വെള്ളം റോഡില്‍ തന്നെ കെട്ടിക്കിടന്ന് കുഴികള്‍ രൂപപ്പെടുകയാണ്. വെള്ളിക്കുളങ്ങര ജങ്ഷന് മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്തും ഇതു തന്നെയാണവസ്ഥ.
വെള്ളിക്കുളങ്ങര ജങ്ഷന് മുതല്‍ സ്കൂള്‍ ജങ്ഷന് വരെയുള്ള റോഡ് നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമായി മാറുന്നത്. മലയോര ഹൈവേ വരുന്നതോടെ ഇവിടത്തെ ദുരിതം പരിഹരിക്കപ്പെടുമെന്നാണ് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിക്കുന്നവരോട് അധികൃതര്‍ നല്കുന്ന മറുപടി.
കൊടകര-വെള്ളിക്കുളങ്ങര റോഡിന്റെ മൂന്നാം ഘട്ട നവീകരണത്തിന്റെ ഭാഗമായി കോടാലി അന്നാംപാടം ജങ്ഷന് മുതല്‍ വെള്ളിക്കുളങ്ങര ജങ്ഷന് വരെ റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തുമ്പോള്‍ കൊടുങ്ങ മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ വെള്ളിക്കുളങ്ങര വഴിയുള്ള മലയോര ഹൈവേ നിര്‍മാണവും കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള റോഡ് നവീകരണവും അടിയന്തിരമായി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ജനം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.