പ്ലാസ്റ്റിക് നിരോധനം: പാളിയത് പലതവണ
text_fieldsതൃശൂർ: നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ഉറപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ മുന്നിലുള്ളത് നടപടികൾ പല തവണ പാളിപ്പോയ ചരിത്രം. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക്കിനെതിരെ സർക്കാറുകൾ യുദ്ധപ്രഖ്യാപനം നടത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, നിരോധനം നടപ്പാക്കൽ പല കാരണങ്ങളാൽ കാര്യമായി മുന്നോട്ടുപോകാതിരുന്നതിനാൽ ഇതുയർത്തുന്ന ഭീഷണിക്ക് ഒരു കുറവുമുണ്ടായിട്ടില്ല. സർക്കാറിനെ വിശ്വസിച്ച് പേപ്പർ ബാഗ്, പാള പ്ലേറ്റ് നിർമാണം എന്നിവക്കടക്കം ഇറങ്ങിയവർ പ്രതിസന്ധിയിലുമായി. പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയായ, പുനരുപയോഗസാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപന്ന നിരോധനം പല തവണ ഉത്തരവുകളായി ഇറങ്ങിയതാണ്. ഹൈകോടതിയും സർക്കാറിനോട് പല തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഉത്തരവുകളിറങ്ങി തുടക്കത്തിലുണ്ടാക്കുന്ന ബഹളമല്ലാതെ പിന്നീട് ഒന്നും സംഭവിക്കാറില്ല. ഒടുവിൽ 2022 ജൂലൈയിൽ 50 മൈക്രോണിൽ താഴെയുള്ള കാരിബാഗുകളുടെയടക്കം നിരോധനം കർശനമാക്കാൻ സർക്കാൻ ഉറച്ച തീരുമാനമെടുത്തതാണ്.
തുടക്കത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗമടക്കം കർശന പരിശോധനയാണ് സംസ്ഥാനത്തുടനീളം നടത്തിയത്. പിന്നീട് പരിശോധന ചടങ്ങുകളായതോടെ വർധിതവീര്യത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തിരിച്ചെത്തി. ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കിയ സ്ഥാപനങ്ങൾപോലും പഴയ നിലയിലേക്ക് തിരിച്ചെത്തി. വഴിയോരക്കച്ചവടക്കാരും മത്സ്യ, മാംസ കച്ചവടക്കാരുമെല്ലാം കുറഞ്ഞ മൈക്രോണിലുള്ള കാരിബാഗുകൾ ഉപയോഗിക്കുന്നത് വ്യാപകമായിട്ടും അധികൃതർ കണ്ണടച്ചു. ഇത്തരം കാരിബാഗുകളിൽ മാലിന്യം നിറച്ചാണ് മിക്കവാറും പൊതുയിടങ്ങളിൽ തള്ളുന്നത്.
ശുചീകരണ തൊഴിലാളി മരിച്ച ആമയിഴഞ്ചാൻ തോട് ഇത്തരം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ നിലയിലായിരുന്നു. കൊച്ചിയടക്കം പ്രധാന നഗരങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യം വലിയ വെല്ലുവിളിയാണ്. വനമേഖലയിലും അനിയന്ത്രിതമായി പ്ലാസ്റ്റിക് നിക്ഷേപിക്കപ്പെടുന്നു. പ്ലാസ്റ്റിക്കടക്കം മാലിന്യം കൈകാര്യംചെയ്യുന്നതിലെ ജനങ്ങളുടെ മാറാത്ത മനോഭാവവും വലിയ തിരിച്ചടിയാണ്. നാടും നഗരവും നിറയുന്ന ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈകോടതി വടിയെടുത്തപ്പോഴാണ് മുമ്പ് സർക്കാർ നടപടിയെടുത്തത്. എങ്കിലും ഫ്ലക്സിനെ ഇനിയും പൂർണമായി പടികടത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.