പ്ലസ് വൺ പ്രവേശനം: തൃശൂർ ജില്ലയിൽ 3021 പേർക്ക് സീറ്റില്ല
text_fieldsതൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ സർവകാല റെക്കോഡ് വിജയം കൈവരിച്ച ഇക്കുറി ജില്ലയിൽ 3021 പേർക്ക് തുടർപഠനത്തിന് സീറ്റില്ല. 18,669 ആൺകുട്ടികളും 17,244 പെൺകുട്ടികളും അടക്കം 35,913 പേരാണ് ജില്ലയിൽ ഇക്കുറി ഉപരിപഠനത്തിന് യോഗ്യത നേടിയത്.
എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികൾക്കായി ഹയർ സെക്കൻഡറി സ്കൂളുകളിലുള്ളത് 32,650 പ്ലസ് വൺ സീറ്റു മാത്രമാണ്. 202 ഹയർ സെക്കൻഡറി സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതിൽ 76 സർക്കാർ, 93 എയ്ഡഡ്, 33 അൺ എയ്ഡഡ് സ്കൂളുകളുമാണ്. എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികൾക്കായി ഹയർ സെക്കൻഡറി സ്കൂളുകളിലുള്ളത് 32,650 സീറ്റാണുളളത്. ഇതിൽ സർക്കാർ സ്കൂളുകളിലും എയ്ഡഡ് മേഖലയിലുമായി 28,050 സീറ്റുകളും അൺഎയ്ഡഡ് സ്കൂളുകളിൽ 4600 സീറ്റുകളുമുണ്ട്. മൊത്തം ഹയർ സെക്കൻഡറി സ്കൂളുകളിലായി 653 ബാച്ചുകളാണ് നിലവിലുള്ളത്.
ഇതിൽ 354 എണ്ണം സയൻസും 107 എണ്ണം ഹ്യുമാനിറ്റീസും 192 എണ്ണം കോമേഴ്സ് ഗ്രൂപ്പുകളുമാണ്. ഏറ്റവുമധികം ബാച്ചുകൾ ഉള്ള സ്കൂൾ പുതുക്കാട് സെന്‍റ് ആന്‍റണീസാണ്. 10 ബാച്ചാണ് ഇവിടെയുള്ളത്.
സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്‌മെൻറ് ക്വോട്ട സീറ്റുകൾ ഒഴികെയുള്ള സീറ്റുകളുമാണ് സർക്കാർ നേരിട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴിലുള്ളത്. ഇങ്ങനെ വരുമ്പോൾ സീറ്റ് വീണ്ടും കുറയും.
വിജയികളിൽ 3157 പെൺകുട്ടികളും 1166 ആൺകുട്ടികളും അടക്കം 4323 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരാണ്.
പരീക്ഷ എഴുതിയ 35,913 പേരിൽ 167 ആൺകുട്ടികളും 75 പെൺകുട്ടികളും അടക്കം 242 പേർ മാത്രമാണ് അയോഗ്യർ. ഇതര ജില്ലകളിൽനിന്ന് എൻട്രൻസ് പരിശീലനത്തിന് അടക്കം എത്തുന്നവർകൂടി വരുന്നതോടെ ജില്ലയിലെ കുട്ടികളുടെ പ്ലസ് വൺ പ്രവേശനം പ്രശ്നമാവും.
സി.ബി.എസ്.ഇ വിദ്യാർഥികൾകൂടി പ്രവേശനത്തിന് ശ്രമിക്കുമ്പോൾ സീറ്റ് പ്രശ്നം കൂടുതൽ രൂക്ഷമാവും. മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മാർക്ക് പരിഗണനയുടെ അടിസ്ഥാനത്തിൽ കേരള സിലബസിന് കൂടുതൽ പ്രാമുഖ്യം നൽകുന്ന സാഹചര്യം ഈ കുട്ടികൾക്കുണ്ട്. അതുകൊണ്ടുതന്നെ സി.ബി.എസ്.ഇ കൂട്ടികളെകൂടി പരിഗണിക്കേണ്ടതുണ്ട്.
വിജയിച്ച എല്ലാ കുട്ടികളും പ്ലസ് വണിന് പ്രവേശനം നേടില്ലെന്നാണ് അധികൃതരുടെ നിലപാട്. മാത്രമല്ല, അപേക്ഷകൾ പരിഗണിച്ച് 10 ശതമാനം സീറ്റ് പ്രതിവർഷം കൂടുതൽ നൽകാറുണ്ട്. പിന്നെയും തികയാതെ വന്നാൽ താൽക്കാലിക ബാച്ചുകൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, സേ പരീക്ഷകൂടി കഴിയുന്നവർക്ക് അനുകൂലരീതിയിൽ അപേക്ഷ സ്വീകരിക്കണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം. കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിലവിലുള്ള ബാച്ചുകളിൽ ആനുപാതിക സീറ്റ് വർധന അനുവദിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് മാത്രമേ അലോട്ട്മെന്‍റ് ഘട്ടത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. കാര്യങ്ങൾ കുഴഞ്ഞാൽ വിദ്യാർഥികൾ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.