പ്ലസ് വൺ പ്രവേശനം: തൃശൂർ ജില്ലയിൽ 4863 സീറ്റ് ഒഴിവ്
text_fieldsസപ്ലിമെന്ററി അലോട്ടുമെന്റ് അപേക്ഷ ഇന്നുവരെ
തൃശൂർ: പ്ലസ് വൺ പ്രവേശനത്തിന് ജില്ലയിൽ 4863 സീറ്റ് ഒഴിവ്. ഏകജാലകം വഴി അനുവദിച്ച മുഴുവൻ സീറ്റിലും നേരത്തേ അലോട്ട്മെന്റ് നടന്നിരുന്നു. 35,600 സീറ്റുകളിലാണ് അലോട്ട്മെന്റ് നടന്നത്. അതേസമയം, അലോട്ട്മെന്റ് ലഭിച്ചവരിൽ പ്രവേശനം നേടാത്ത സീറ്റുകളാണ് ഒഴിവ് വന്നത്.
ഇതനുസരിച്ച് 35,600 സീറ്റുകളിൽ 30,737 പേർ പ്രവേശനം നേടി. ബാക്കിവന്ന സീറ്റുകളിൽ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച തുടങ്ങിയ അപേക്ഷ സമർപ്പണം ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ തുടരും. തുടർ ദിവസങ്ങളിൽ പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലയിൽ ഏകജാലകം വഴി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് 38,865 കുട്ടികളാണ്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സമയം നീട്ടി നൽകിയതിന് പിന്നാലെ അയ്യായിരത്തിലധികം അപേക്ഷകരാണ് കൂടിയത്.
സേ പരീക്ഷയിൽ വിജയിച്ചവർ അടക്കം കേരള സിലബസിൽ എസ്.എസ്.എൽ.സി വിജയിച്ച 36,215 പേരാണ് അപേക്ഷിച്ചത്. ഇക്കുറി സേ കൂടാതെ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച 35,913 പേരാണ്. സി.ബി.എസ്.ഇയിൽ നിന്നുള്ള 197 കുട്ടികളും ഐ.സി.എസ്.ഇയിൽ നിന്നുള്ള 367 കുട്ടികളും അപേക്ഷകരിലുണ്ട്.
40,000ത്തോളം വരുന്ന അപേക്ഷകരിൽ പ്രവേശനം ലഭിച്ച 30,737 കഴിഞ്ഞാൽ ബാക്കി 9263 പേർക്കാണ് സീറ്റ് വേണ്ടത്. ഇതിൽ മുഴുവൻ പേരും പ്ലസ് വണിന് ചേരാനിടയില്ല. പോളി, ഐ.ടി.ഐ അടക്കം തൊഴിൽ നൈപുണി കോഴ്സുകളിൽ ജില്ലയിൽ 6000ത്തിലധികം സീറ്റുകളുണ്ട്.
മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കാൻ കാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന ഒഴിവിന് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അന്തിമമായി അപേക്ഷിക്കണം.
അപേക്ഷർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാൻ വേണ്ട നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും ജില്ലയിൽ രൂപവത്കരിച്ചിട്ടുള്ള 168 ഗവ. / എയ്ഡഡ് സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളും നൽകുമെന്ന് ജില്ല ഹയർ സെക്കൻഡറി കോഓഡിനേറ്റർ വി.എം. കരീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.