പ്ലസ് ടു വിദ്യാർഥിയെ നാലുപേർ ക്രൂരമായി മർദിച്ചു
text_fieldsആമ്പല്ലൂർ: വരന്തരപ്പിള്ളിയിൽ പ്ലസ് ടു വിദ്യാർഥിയെ നാലുപേർ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. വരന്തരപ്പിള്ളി സ്വദേശിയായ 17കാരനാണ് മർദനമേറ്റത്. ഒരു യുവതിയുടെ പേരിൽ വ്യാജ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു.
ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശിയായ വിദ്യാർഥി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഞായറാഴ്ചയായിരുന്നു സംഭവം.
മർദിച്ചവരെ കണ്ടാലറിയാമെന്ന് മർദനമേറ്റ വിദ്യാർഥി പറഞ്ഞു. 17കാരന്റെ രണ്ടു സുഹൃത്തുക്കൾ ഫോണിൽ വിളിച്ച് പുഴയോരത്തേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ വിദ്യാർഥിയെ നാലുപേർ ഭീഷണിപ്പെടുത്തുകയും മുൻപരിചയമില്ലാത്ത സ്ത്രീയുടെ പേരിൽ പരാതിപ്പെടണമെന്നും ആവശ്യപ്പെട്ടു.
കുട്ടി വിസമ്മതിച്ചതോടെ മർദനം തുടങ്ങി. ബിയർ കുപ്പികൊണ്ട് തലക്കടിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് മറ്റൊരു വീട്ടിൽ കൊണ്ടുപോയി മർദനം തുടർന്നു. മർദനം രൂക്ഷമായതോടെ ഭീഷണിക്ക് വഴങ്ങിയ കുട്ടി സ്വന്തം ഫോണിൽനിന്ന് ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് പരാതിപ്പെട്ടു.
തുടർന്ന് കുട്ടിയുടെ മൊബൈലും സിം കാർഡും കൈക്കലാക്കിയ സംഘം അടുത്തദിവസം ഇതേ സ്ഥലത്ത് എത്തണമെന്ന് നിർദേശിച്ചശേഷം രാത്രി 10ന് കുട്ടിയെ വിട്ടയച്ചു. വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്താകെ പരിക്കേറ്റ പാടുകളുണ്ടായിരുന്നു. മാതാവിനോടൊപ്പം പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിങ്കളാഴ്ച മെഡിക്കൽ കോളജിലും ചികിത്സ തേടി.
പുറത്തുപറഞ്ഞാൽ തന്നെയും അമ്മയെയും കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി കുട്ടി പറയുന്നു. രണ്ടുമാസം മുമ്പാണ് കുട്ടിയുടെ പിതാവ് മരിച്ചത്. 17കാരനെ വിളിച്ചുവരുത്തിയ സുഹൃത്തുക്കളെയും സംഘം മർദിച്ചതായി അറിയുന്നു. ഇവരും അക്രമികളുമായി മുൻ പരിചയമുണ്ടോയേന്നും പരാതിക്ക് കാരണക്കാരിയായ യുവതിക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് വരന്തരപ്പിള്ളി എസ്.എച്ച്.ഒ എസ്. ജയകൃഷ്ണൻ പറഞ്ഞു.
തലക്ക് പരിക്കേറ്റ വിദ്യാർഥിയെ എക്സ് റേ, സ്കാനിങ് എന്നിവക്കുശേഷം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കി. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.