വിത്തില്ലാത്ത നാരങ്ങ വിളയിക്കാൻ പൊലീസ് അക്കാദമി
text_fieldsതൃശൂർ: വിത്തില്ലാത്ത നാരങ്ങ വിളയുന്ന 250 ചെറുനാരകം തൈകൾ കേരള പൊലീസ് അക്കാദമി കാമ്പസിൽ നട്ടു. ഗുജറാത്ത് ഗാന്ധിനഗറിലെ ബാലതാരു നഴ്സറിയിൽനിന്ന് കൊണ്ടുവന്ന തൈകളാണ് അക്കാദമി കാമ്പസ് വളപ്പിൽ നട്ടത്. അക്കാദമി ഡയറക്ടർ എ.ഡി.ജി.പി ബലറാം കുമാർ ഉപാധ്യായ പ്രധാന കവാടത്തിന് സമീപം ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഗുജറാത്തിലെ ഹിതേന്ദ്രപാട്ടീൽ എന്ന കൃഷി വിദഗ്ധൻ ഗവേഷണം നടത്തി ശാസ്ത്രീയമായി വികസിപ്പിച്ച ഇനമാണിത്. ഐ.ജി. സേതുരാമൻ മുൻകൈ എടുത്താണ് വിത്തില്ലാത്ത നാരക തൈകൾ കൊണ്ടുവന്നത്. വർഷം മുഴുവൻ കായ്ഫലം തരുന്നതും ഒരു വർഷംകൊണ്ട് കായ്ക്കുന്നതുമാണ് ഇവ. കീടബാധ ചെറുക്കാനുള്ള പ്രതിരോധശേഷി കൂടിയ ഇനവുമാണ്. പെട്ടെന്ന് പൂക്കുകയും മറ്റു നാരങ്ങ ഇനങ്ങളിൽനിന്ന് വ്യത്യസ്തമായി പതിന്മടങ്ങ് കായ്ഫലം ലഭിക്കുകയും ചെയ്യും.
ആന്‍റി ഓക്സിഡുകളും വൈറ്റമിൻ സിയും ബിയും ധാരാളമുള്ള ഇനമാണ്. പോഷകങ്ങൾ ധാരാളമുള്ളതിനാൽ ശരീര പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യ സംരക്ഷണത്തിനും ഗുണപ്രദമാണ്.
വൃക്കയിലെ കല്ലുകൾ തടയാനും അർബുദ ചികിത്സക്കും ചർമ ചികിത്സക്കും ഹൃദ്രോഗ സാധ്യത തടയാനും വിത്തില്ലാത്ത നാരങ്ങ ഉപയോഗപ്പെടുത്തുന്നുണ്ട്. മാർക്കറ്റിൽ വില കൂടുതലുള്ളതും ആവശ്യക്കാർ ഏറെ താത്പര്യപ്പെടുന്ന ഇനവും കൂടിയാണിത്. തൈകളുടെ സംരക്ഷണത്തിന് ഡിവൈ.എസ്.പി പി.എസ്. രാകേഷിന്‍റെ നേതൃത്വത്തിൽ വിവിധ പരിശീലനാർഥികളുടെ സഹകരണത്തോടെ പ്രത്യേക ടീമിനെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.