അര്‍ധരാത്രി വീട്ടുമുറ്റത്ത് നിന്ന യുവാവിന് പൊലീസ് മർദനം; വീട്ടുകാരോടും മോശം പെരുമാറ്റം
text_fieldsപുന്നയൂര്‍ക്കുളം: അര്‍ധരാത്രി സ്വന്തം വീട്ടുമുറ്റത്ത് കാറ് നിർത്തി പുറത്ത് നിന്ന യുവാവിനെ വടക്കേക്കാട് എസ്.ഐ മര്‍ദ്ദിച്ചു. ചെറായി കെട്ടുങ്ങല്‍ സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.
ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. ദൂരയാത്ര കഴിഞ്ഞ് കാര്‍ വീട്ടിലേക്ക് കയറ്റിയിട്ട് ഗേറ്റിനരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഇതുവഴി എത്തിയ പൊലീസ് പെട്രോളിങ് സംഘം ചോദ്യം ചെയ്യുകയായിരുന്നു. സ്വന്തം വീടാണെന്നും ഗേറ്റ് അടക്കുകയായിരുന്നുവെന്നു പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. ഇപ്പോള്‍ വന്നതാണെന്നു ഉറപ്പാക്കാന്‍ വണ്ടിക്ക് ചൂട് ഉണ്ടോ എന്നു പരിശോധിക്കണമെന്നും വണ്ടിയുടെ അകത്ത് എന്തെങ്കിലും ഉണ്ടോ എന്നു നോക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ശബ്ദം കേട്ട് പുറത്തുവന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരോടും അസഭ്യവാക്കുകളോടെ പൊലീസ് മുറയിലായിരുന്നു ചോദ്യങ്ങള്‍. ഇതിനിടെ വണ്ടി പരിശോധിക്കുന്നില്ലേ എന്നു ചോദിച്ചതിനെ തുടര്‍ന്ന് അഡീഷനല്‍ എസ്.ഐ. സന്തോഷ് യുവാവിൻെറ ചെവിയില്‍ അടിക്കുകയായിരുന്നു. പോടാ എന്നു പറഞ്ഞ് കഴുത്തിനു തള്ളി പൊലീസുകാര്‍ സ്ഥലം വിട്ടു.
എസ്.ഐക്ക് പുറമെ ഡ്രൈവറും ദ്രുതകര്‍മ്മ സേന അംഗവുമാണ് ഉണ്ടായിരുന്നതെന്ന് ഇവര്‍ പറഞ്ഞു. രണ്ട് മാസം മുന്‍പ് കൊച്ചന്നൂരില്‍ വയോധികനെ മര്‍ദ്ദിച്ച കേസില്‍ ഇതേ എസ്.ഐക്കെതിരെ അന്വേഷണം നിലവിലുണ്ട്. എന്നാൽ യുവാവിനെ മര്‍ദ്ദിച്ചുവെന്നത് വാസ്തവമല്ലെന്നും വീടിനു പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമാണ് എസ്.ഐ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.