പൊലീസുകാർ പണം വാങ്ങി പീഡന പരാതി അട്ടിമറിച്ചെന്ന്; വിജിലൻസ് കോടതിയിൽ പരാതി
text_fieldsതൃശൂർ: പണം വാങ്ങി പീഡന പരാതി അട്ടിമറിച്ചതായി പൊലീസുകാർക്കെതിരെ വിജിലൻസിൽ പരാതി. കൊടകര പൊലീസ് എസ്.എച്ച്.ഒ അരുൺ, തടയിട്ടപ്പറമ്പ് എസ്.എച്ച്.ഒ സുരേഷ് കുമാർ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ് എന്നീ പൊലീസുദ്യോഗസ്ഥരെയും കൊടകര ഏറ്റുമാനൂർക്കാരൻ വീട്ടിൽ ഫ്രാൻസീസ്, കിഴക്കമ്പലം കൂരിക്കൽ ജോർജ് ആൻറണി, മകൻ സ്റ്റെനിൻ എന്നിവരെയും പ്രതികളാക്കി കൊടകര സ്വദേശിയും പൊതുപ്രവർത്തകനുമായ കാട്ടിക്കുളം വീട്ടിൽ അജിത്ത് ആണ് തൃശൂർ വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്. ഹരജി ഫയലിൽ സ്വീകരിച്ചു.
ആൻറണിയുടെ സ്ഥാപനത്തിൽ ജോലിക്കെത്തിയ യുവതിയെ അപമാനിച്ചത് സംബന്ധിച്ച് നൽകിയ പരാതി അട്ടിമറിച്ചെന്നാണ് ആരോപണം. പരാതിക്കാരിയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ് പിൻവലിപ്പിക്കാൻ ശ്രമിച്ചതായും വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പൊലീസുദ്യോഗസ്ഥർ കൂട്ടുനിന്നതായും പരാതിയിൽ പറയുന്നു. മറ്റൊരു സ്ഥാപനത്തിൽ ജോലിക്കെത്തിയ യുവതി മോശം സ്ത്രീയാണെന്ന് പ്രചരിപ്പിക്കുകയും സ്ഥാപന ഉടമ മോശമായി പെരുമാറാനിടയായെന്നും പറയുന്നു. ഇതിന് തെളിവായി വിഡിയോയും ഹരജിയോടൊപ്പം സമർപ്പിച്ചു.
പരാതി നൽകിയിട്ടും കേസെടുക്കാതെ ഒത്തുതീർപ്പാക്കാനാണ് പൊലീസുകാർ ശ്രമിച്ചത്. കേസിൽ ഹാജരായ അഭിഭാഷകയെയും സ്വാധീനിക്കാൻ ശ്രമിച്ചു. ഇവരെ കേസിൽപ്പെടുത്താൻ വ്യാജമായി പരാതിയുണ്ടാക്കിയെന്നും ഹരജിയിൽ പറയുന്നു. പൊതുപ്രവർത്തകനായ തന്നെക്കുറിച്ച് തെറ്റായ രേഖകളുണ്ടാക്കി ഹൈകോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയെന്നും പ്രതികളെ രക്ഷിക്കാൻ ക്വാറി മാഫിയകളിൽനിന്ന് പണം വാങ്ങിയെന്നും ഹരജിയിലുണ്ട്.
കേരളത്തിൽ ആദ്യമായി പൊലീസിനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസായ, മകൻ പ്രതിയായ പീഡനക്കേസ് ഒതുക്കാൻ പാറമട ഉടമയിൽനിന്ന് പണം വാങ്ങി പൊതുപ്രവർത്തകനെ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾതന്നെയാണ് വിജിലൻസ് കോടതിയിലെ ഹരജിയിലും പ്രതികൾ. ആ കേസിലെ പരാതിക്കാരൻതന്നെയാണ് വിജിലൻസ് കോടതിയിലും ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.