ഭീകരതയെ പിന്തുണക്കുന്ന രാഷ്ട്രീയം കേരളത്തിന് തിരിച്ചടിയാകും -കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
text_fieldsതൃശൂര്‍: ഭീകരതയെ പിന്തുണക്കുന്ന രാഷ്ട്രീയം കേരളത്തിന് തിരിച്ചടിയാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അറബ് രാജ്യങ്ങള്‍ പോലും അനുമതി നിഷേധിച്ച ഹമാസ് ഭീകരര്‍ക്ക് കേരളത്തില്‍ പ്രസംഗിക്കാന്‍ സൗകര്യമൊരുക്കിയത് ദേശസുരക്ഷയെ ബാധിക്കുന്ന കൊടുംകുറ്റമാണ്. കേരളത്തിലെ കുട്ടികളെ മതമൗലികവാദത്തിലേക്കും ഭീകരതയിലേക്കും നയിക്കാനേ ഇത്തരം നിലപാടുകള്‍ സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ ജില്ല കമ്മിറ്റി കോർപറേഷന് ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാല് വോട്ടിനായി കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും കാണിക്കുന്ന മതപ്രീണനം കേരളത്തിലെ സാമൂഹിക ജീവിതത്തെ പ്രതിസന്ധിയിലാക്കും. മുസ്ലിം സമൂഹത്തിൽ വര്‍ഗീയ ധ്രുവീകരണത്തിനാണ് ഇവരുടെ ശ്രമം. പ്രീണന രാഷ്ട്രീയം തീവ്രവാദത്തിന് വളമാകും. എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളേയും എതിര്‍ക്കുന്ന നിലപാടാണ് എൻ.ഡി.എ സര്‍ക്കാറിന്റേതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഒരു മതവിഭാഗത്തിന്റെ തീവ്രവാദ നിലപാടുകൾ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരള സര്‍ക്കാറിന്റേതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രിയെ വെടിവെച്ചുകൊല്ലണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് എം.പിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പകരം ഹമാസ് ഭീകരതക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കുന്നു. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ച ആശങ്കകള്‍ കേരളം കണ്ടില്ലെന്നു നടിക്കുകയാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍ അധ്യക്ഷനായി. ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടില്‍, സംസ്ഥാന സെക്രട്ടറി എ. ഉണ്ണികൃഷ്ണന്, കാസ ജില്ല പ്രസിഡന്റ് പ്രസ്റ്റോ സെല്വന്, സി. നിവേദിത, ബി. ഗോപാലകൃഷ്ണന്, എ. നാഗേഷ്, എം.എസ്. സമ്പൂര്‍ണ, ഷാജുമോന്‍ വട്ടേക്കാട്, രവികുമാര്‍ ഉപ്പത്ത്, ജസ്റ്റിന് ജേക്കബ്, കെ.ആര്. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.