തൃശൂരിൽ കനത്ത പോളിങ്: 75.05 ശതമാനം
text_fieldsതൃശൂർ: കോവിഡ് മഹാമാരിയുടെ ആശങ്കകൾ ജനാധിപത്യാവകാശത്തിന് മുന്നിൽ മാറി നിന്നു... ആശങ്കയുടെയും പ്രതീക്ഷയുടെയും കാറും കോളും അസ്ഥാനത്താക്കി ജില്ല വിധിയെഴുതി. വൈകീട്ട് ഏഴരവരെയുള്ള കണക്കനുസരിച്ച് 75.05 ശതമാനം പോളിങ് രേഖപ്പെടുത്തി. കോര്പറേഷനിൽ 63.79 ശതമാനം പേർ വോട്ട് ചെയ്തു.
2015ൽ 76.11 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്. ആ വർഷം കോർപറേഷൻ -71.88, നഗരസഭകൾ -78.95, പഞ്ചായത്തുകൾ -78.78 എന്നിങ്ങനെ പോളിങ് രേഖപ്പെടുത്തി. ഇടതുമുന്നണി മൂന്ന് മണ്ഡലങ്ങളും തൂത്തുവാരിയ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയുടെ പോളിങ് ശതമാനം 72.15 ശതമാനമായിരുന്നു.
ഇത്തവണ ജില്ലയിലെ നഗരസഭകളിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് വടക്കാഞ്ചേരിയിലാണ് -78.52 ശതമാനം. ഗുരുവായൂരിലാണ് കുറവ് -72.78. ബ്ലോക്ക് പഞ്ചായത്തുകളിൽ കൊടകരയിലാണ് ഉയർന്ന പോളിങ്. മുല്ലശ്ശേരിയിലാണ് കുറവ്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി പരിഗണിച്ച ജില്ലയിൽ പോളിങ് ഉയർന്നുതന്നെ നിന്നതിൽ മൂന്ന് മുന്നണികൾക്കും പ്രതീക്ഷയുണ്ട്.
രാവിലെ ആറരയോടെ തന്നെ പോളിങ് കേന്ദ്രങ്ങൾക്ക് മുന്നിൽ വോട്ടർമാർ കൂടിയിരുന്നു. ആദ്യം വോട്ട് രേഖപ്പെടുത്തി മന്ത്രി മൊയ്തീനെന്ന വാർത്തക്ക് പിന്നാലെയെത്തിയത് വിവാദമായിരുന്നു. നിശ്ചിത സമയത്തിന് മുമ്പ് വോട്ടു ചെയ്തുവെന്ന് ആരോപിച്ച് അനിൽ അക്കര സമൂഹമാധ്യമത്തിൽ ആരോപണമുന്നയിച്ചതോടെ വിവാദം കത്തി.
ഉച്ചക്ക് അമ്പത് ശതമാനം പേരും വോട്ടുചെയ്ത് മടങ്ങി. കുന്നംകുളത്തും ആമ്പല്ലൂരും എരുമപ്പെട്ടിയിലും ചാഴൂരും അരിമ്പൂരും മാളയിലും ചാവക്കാടും തുടങ്ങി വിവിധ ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാർ ഉണ്ടായതിനെ തുടർന്ന് പോളിങ് വൈകി. 2015ലെ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് അരിമ്പൂർ പഞ്ചായത്തിലുൾപ്പെടെ ഒമ്പത് ബൂത്തുകളിൽ റീ പോളിങ് നടത്തേണ്ടി വന്നിരുന്നു.
എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 18ാം വാർഡ് ബൂത്ത് ഒന്നിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിയുടെ വോട്ടിങ് ചിഹ്നത്തിലാണ് തകരാർ കണ്ടെത്തിയത്. അര മണിക്കൂറോളമെടുത്ത് പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. കടങ്ങോട് പഞ്ചായത്ത് 13ാം വാർഡിൽ രണ്ടാം ബൂത്തായ എയ്യാൽ നിർമലമാത സ്കൂളിലും വോട്ടിങ് യന്ത്രം തകരാറിലായി.
തുടർന്ന് വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങിയെങ്കിലും ഒരു മണിക്കൂറിനുള്ളിൽ യന്ത്ര തകരാർ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങി. കടങ്ങോട് പഞ്ചായത്ത് പത്താം വാർഡിലെ രണ്ടാം നമ്പർ ബൂത്ത് വെള്ളത്തേരിയിൽ വോട്ടിങ് യന്ത്രത്തിെൻറ തകരാർ മൂലം ഒന്നരമണിക്കൂർ വൈകി. വേലൂർ പഞ്ചായത്തിലെ അഞ്ചാംവാർഡ് ബൂത്ത് ഒന്നിലും 10 മിനിറ്റ് വോട്ടിങ് യന്ത്രം തകരാറിലായി. വിയ്യൂരിലും ചേറൂരിലും ചാവക്കാടും രണ്ട് മണിക്കൂറോളമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്.
പോളിങ് ഉയർന്നതിൽ പ്രതീക്ഷയും ആശങ്കയുമുണ്ടെങ്കിലും വനിത വോട്ടർമാരും പുതിയ വോട്ടർമാരുമാകും തന്നെയാകും നിർണായകമാവുകയെന്ന് നേതാക്കൾ കരുതുന്നു. ഇടതുമുന്നണി മൂന്ന് മണ്ഡലങ്ങളും തൂത്തുവാരിയ 2014ലെ ലോക്സഭ െതരഞ്ഞെടുപ്പിൽ ജില്ലയുടെ പോളിങ് ശതമാനം 72.15 ശതമാനമായിരുന്നു. പോളിങ് ശതമാനം കൂടുന്നത് അനുകൂലമാകുമെന്ന് മുന്നണികൾ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.