മാലിന്യമുക്തം നവകേരളം പരിശോധന: 2.78 ലക്ഷം രൂപ പിഴ ചുമത്തി
text_fieldsതൃശൂർ: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സ് സ്ക്വാഡുകള്‍ കൂടുതല്‍ മാലിന്യം ഉല്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. സ്ഥാപനങ്ങളില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്താതിരിക്കുക, മലിനജലം പൊതു സ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുക, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
തദ്ദേശ സ്ഥാപനങ്ങളില്‍ രൂപവത്കരിച്ച വിജിലന്‍സ് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. 94 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ വിവിധയിടങ്ങളിൽ നോട്ടീസ് നല്‍കുകയും 2,78,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഓഡിറ്റോറിയങ്ങള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിങ്ങനെ കൂടുതല്‍ മാലിന്യം കൈകാര്യം ചെയ്യേണ്ടി വരുന്നവരാണ് വന്‍കിട മാലിന്യ ഉൽപാദകര് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ നിയമപ്രകാരം അവിടെ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാൻ സ്വന്തം സംവിധാനം ഒരുക്കേണ്ടതും അജൈവ മാലിന്യങ്ങള്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ സേനക്ക് കൈമാറേണ്ടതുമാണ്. ഇത് സംബന്ധിച്ച പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് തദ്ദേശ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ അരുണ്‍ രംഗന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.