പൂങ്കുന്നം സീതാറാം മിൽ; അന്ന് അഭിമാനം, ഇന്ന് കനിവ് കാത്ത്
text_fieldsമൂലധനമോ പ്രവർത്തനധനമോ ഇല്ലാതാകുമ്പോൾ തൃശൂർ നഗരത്തിന്റെ കണ്ണായ സ്ഥലത്തുള്ള ഏക്കറുകണക്കിന് ഭൂമി വിറ്റ് മിൽ പ്രവർത്തനം തുടരുക-അത് മാത്രമാണ് വ്യവസായ വകുപ്പിന്റെ മുന്നിലുള്ള വഴി. ഒരുകാലത്ത് തൃശൂരിന്റെ വ്യവസായ മുഖമായി നിലകൊണ്ട, ട്രേഡ് യൂനിയൻ പോരാട്ട ചരിത്രങ്ങളുറങ്ങുന്ന സീതാറാം മില്ലിന്റെ അവസ്ഥ ഇപ്പോഴിതാണ്. കുമിഞ്ഞുകൂടുന്ന നഷ്ടക്കണക്കാണ് പറയാനുള്ളത്.
കെ. കരുണാകരൻ, ഇ.കെ. മേനോൻ, എ.എം. പരമൻ, തേറമ്പിൽ രാമകൃഷ്ണൻ തുടങ്ങി അനേകം നേതാക്കളുടെ ട്രേഡ് യൂനിയൻ കളരിയായിരുന്നു പൂങ്കുന്നത്തെ സീതാറാം സ്പിന്നിങ് മിൽ. തൃശൂരിന്റെ വികസന വഴിയിൽ ഒരുകാലത്ത് തിളങ്ങിനിന്ന സ്ഥാപനം. നാട് ശ്രദ്ധിച്ച തൊഴിൽ സമരങ്ങൾ പലതുണ്ടായി ഇവിടെ. മറുഭാഗത്ത് ഇഴപൊട്ടാത്ത തൊഴിലാളി-മാനേജ്മെന്റ് ബന്ധത്തിന്റെ കഥയുമുണ്ട്. ഇപ്പോൾ പ്രവർത്തനധനം പോലുമില്ലാതെ കഷ്ടിച്ച് തുറക്കുന്നുവെന്ന് പറയാം. സഞ്ചിത നഷ്ടം 70 കോടിയിലേറെ. ഒന്ന് ചലിക്കാൻപോലും സർക്കാർ കനിയണം എന്ന അവസ്ഥ.
1903ലാണ് സീതാറാം കുടുംബത്തിലെ ബാലരാമ അയ്യർ സീതാറാം സ്പിന്നിങ് ആൻഡ് വീവിങ് മിൽ സ്ഥാപിച്ചത്. തുടക്കത്തിൽ 260 തൊഴിലാളികളുള്ള നൂൽനൂപ്പുശാലയായിരുന്നു. പിന്നീട് നൂലുൽപാദന-നൂൽ സംസ്കരണ കേന്ദ്രമായി. തൊഴിൽ തർക്കങ്ങളും സാമ്പത്തികബാധ്യതയും കാരണം പലതവണ പൂട്ടിയിട്ടു. കമ്പനി സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പ് വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കുന്ന ടർബനിൽ കുടുങ്ങി ഒരു തൊഴിലാളി മരിച്ചത് കറുത്ത അധ്യായമാണ്. 1953ൽ മിൽ ഭാഗികമായി അഗ്നിക്കിരയായി. വൈകാതെ കടുത്ത സാമ്പത്തികപ്രതിസന്ധിയും തൊഴിലാളിപ്രശ്നങ്ങളും മൂലം ആടിയുലഞ്ഞു. 1975 ഫെബ്രുവരി 14നാണ് സർക്കാർ ഏറ്റെടുത്തത്.
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നേതൃപരമായ മുദ്ര പതിഞ്ഞ മില്ലാണിത്. 1978 മുതൽ 1990 വരെ മില്ലിന്റെ സുവർണകാലമായിരുന്നു. അക്കാലത്ത് രണ്ടായിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. 1990കൾക്ക് ശേഷം ടെക്സ്റ്റൈൽ മേഖലയിൽ വന്ന മാറ്റങ്ങൾ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പാതയിൽ തടസ്സം സൃഷ്ടിച്ചു.
അതോടൊപ്പം തൊഴിൽ തർക്കങ്ങളും തൊഴിലാളി-രാഷ്ട്രീയ സമരങ്ങളും ചേരിപ്പോരും. ’87ലെ സമരത്തെ തുടർന്ന് എട്ട് മാസം പൂട്ടിക്കിടന്നു. ഇ.കെ. മേനോൻ, എ.എം. പരമൻ തുടങ്ങിയ ഇടത് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സമരം. സി.ഐ.ടി.യു നേതാവ് എ.ജി. വിജയൻ 11 ദിവസം നിരാഹാരം കിടന്നു. സീതാറാം ചരിത്രത്തിലെ ഏറ്റവും വലിയ സമരമായിരുന്നു ഇത്. പിന്നീട് തൊഴിൽ പ്രശ്നം പരിഹരിച്ച് തുറന്നു.
ആഗോളാടിസ്ഥാനത്തിലും ദേശീയതലത്തിലും ഉണ്ടായ മാറ്റത്തിനനുസരിച്ച് ഉൽപാദനത്തിൽ ആധുനിക സാങ്കേതികവിദ്യ കൊണ്ടുവരുന്നതിലെ വീഴ്ച സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് നയിച്ചു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് മില്ലിൽ ആധുനീകരണം എത്തിയത്. 13 കോടി രൂപ വില വരുന്ന ബ്ലോറിങ്, സ്പിന്നിങ് യന്ത്രങ്ങൾ വന്നു. 2015ൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു. ഇപ്പോഴും അതേ യന്ത്രങ്ങളാണുള്ളത്.
1987 വരെ സ്പിന്നിങ്ങും വീവിങ്ങും ഉണ്ടായിരുന്നു. ഇപ്പോൾ നൂൽ ഉൽപാദനം മാത്രം. സർക്കാറിന് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ വലിയ താൽപര്യമില്ല. 25,000 സ്പിൻഡിലുകൾ ഉൽപാദിപ്പിക്കാൻ ലൈസൻസുണ്ട്. 15,984 സ്പിൻഡിലുകൾ ഉൽപാദിപ്പിക്കാൻ യന്ത്രസജ്ജീകരണവുമുണ്ട്. കോവിഡിൽ മറ്റ് നെയ്ത്തുശാലകൾ അടച്ചിട്ടപ്പോൾ 2020 മേയിൽ സീതാറാം വീണ്ടും പ്രവർത്തിച്ചുതുടങ്ങി. ഇപ്പോഴും വ്യവസായ വകുപ്പിന് കീഴിലാണ് പ്രവർത്തനം.
രണ്ടാം പിണറായി സർക്കാർ വന്നതോടെ മുന്നണി ഭാഗംവെപ്പിൽ ഐ.എൻ.എല്ലിനുള്ളതാണ് സീതാറാം ചെയർമാൻ സ്ഥാനം. പാർട്ടിയിലെ പടലപ്പിണക്കം കാരണം ഇത്ര വർഷമായിട്ടും ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടപ്പാണ്. ഭരണസമിതി ഇല്ലാത്തതിനാൽ എം.ഡിക്കാണ് പൂർണ ചുമതല.
പഞ്ഞി സംഭരണം എന്ന കീറാമുട്ടി
പഞ്ഞിസംഭരണമാണ് പ്രധാന തിരിച്ചടി. മുംബൈ, അഹ്മദാബാദ്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നാണ് സംഭരണം. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് പരുത്തി വിളവെടുപ്പ്. പലപ്പോഴും സാമ്പത്തികപ്രശ്നം കാരണം അവ സീസണിൽ സംഭരിക്കാറില്ല. അതിനാൽ അവർ പറയുന്ന വലിയ വിലയ്ക്ക് വാങ്ങേണ്ടിവരുന്നു. ആ വില നൂലിന് കിട്ടുന്നുമില്ല.
ഇടക്ക് 200 കിലോയുടെ വലിയ കെട്ട് പഞ്ഞി ലോഡ് എത്തും. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് കൊണ്ടുവരുന്ന പഞ്ഞി നൂലാക്കി മാറ്റുമ്പോൾ കിട്ടുന്നത് കിലോക്ക് 206 രൂപ. നേരേത്ത കിലോക്ക് 255 രൂപ ലഭിക്കുമായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. പഞ്ഞി വാങ്ങിയ ഇനത്തിൽ 70 ലക്ഷം രൂപ കടമുണ്ട്.
ഗുണമേന്മയുള്ള പഞ്ഞി ലഭിക്കാത്തതാണ് മറ്റൊരു പ്രശ്നം. അതിനാൽ നൂലിനും ഗുണമില്ല. ഗുണമേന്മയുള്ള ഉൽപന്നത്തിന് ആവശ്യക്കാരുണ്ടെങ്കിലും പരിഹരിക്കാൻ ശ്രമം ഉണ്ടാവുന്നില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. മിൽ നിലനിൽക്കാനും ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാനും വേണ്ടി പഞ്ഞി കുറഞ്ഞ അളവിൽ വാങ്ങിക്കൂട്ടിയുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഉണ്ടാക്കുന്ന നൂലിന് അതിനനുസരിച്ച തുക ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും ഉൽപാദനം തുടരുകയാണ്. മിൽ പ്രവർത്തിപ്പിച്ച് ലക്ഷക്കണക്കിന് രൂപ പ്രതിദിനം ഇത്തരത്തിൽ പല ഘട്ടങ്ങളിലും നഷ്ടമായ ചരിത്രമുണ്ട്.
തൊഴിലിടം ഉപേക്ഷിക്കുന്നവർ
കഴിഞ്ഞ മാർച്ചിലാണ് ഒന്നര കോടി രൂപ സർക്കാർ അനുവദിച്ചത്. അതിലാണ് ഇപ്പോഴും പ്രവർത്തനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 16 കോടി രൂപ സർക്കാർ അനുവദിച്ചു. നിലവിൽ 17,000 സ്പിൻഡിൽസ് ആണ് പ്രവർത്തിക്കുന്നത്. 104 സ്ഥിരം തൊഴിലാളികൾ ഉൾപ്പെടെ 200 തൊഴിലാളികൾ ഇപ്പോഴുണ്ട്.
2011ലാണ് അവസാനമായി ദീർഘകാല കരാർ നടപ്പായത്. 11 കൊല്ലമായി ശമ്പള വർധനയില്ല. തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ ചർച്ചകളുമില്ല. തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കുള്ള കമ്പനിവിഹിതം അടക്കുന്നതുതന്നെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ കുടിശ്ശിക ആയാണ്. പെൻഷനായവരുടെ ആനുകൂല്യങ്ങൾ കുടിശ്ശികയുണ്ട്. ചുരുക്കത്തിൽ വലിയ പ്രതിസന്ധിയിലാണ് കമ്പനി.
തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. മാത്രവുമല്ല, ഇന്നത്തെ ദൈനംദിന ജീവിതസൂചിക അനുസരിച്ചല്ല ശമ്പളം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പലരും മറ്റുപല ജോലിയും ചെയ്യേണ്ടിവരുന്നു. ജോലി ഉപക്ഷേിച്ച 38 ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി കൊടുത്തിട്ടില്ല. ഇവർ ഹൈകോടതിയിൽ നിയമനടപടിയിലാണ്.
ഈ പരാധീനതക്കിടയിലും മൂന്ന് ലോഡ് കയറ്റി അയക്കാൻ പറ്റുന്നുണ്ട്. (ഏഴും എട്ടും ലോഡ് പോയിരുന്നതാണ്). രണ്ട് കോടി പി.എഫിൽ അടക്കാനുണ്ട്. ഇ.എസ്.ഐ വകയിൽ ഒന്നര ലക്ഷം അടച്ചില്ല.
കാലഹരണപ്പെട്ട യന്ത്രങ്ങൾ
കേരളത്തിലെ കോട്ടൻ തുണികൾക്ക് ആഗോളതലത്തിൽ വലിയ മാർക്കറ്റാണുള്ളത്. എന്നിട്ടും എന്തുകൊണ്ട് സീതാറാംപോലുള്ള മില്ലുകളെ കാര്യക്ഷമമാക്കാൻ സാധിക്കുന്നില്ലെന്നത് ഭരണതലത്തിലെ പരാജയമാണെന്ന് വേണം കരുതാൻ. കാലോചിത പരിഷ്കരണത്തിന് സർക്കാർ തയാറായാൽ മാത്രമേ സീതാറാം മില്ലിനെ ഇനിയും പൊതുമേഖലയിൽ സംരക്ഷിക്കാൻ കഴിയൂ.
കൃത്യമായ സാമ്പത്തിക സഹായവും ഗുണനിലവാരമുള്ള അസംസ്കൃതവസ്തുക്കളുടെ ലഭ്യതയും ഉണ്ടെങ്കിൽ ഇനിയും നഷ്ടം ഇല്ലാതെ ലാഭത്തിൽ കമ്പനി പ്രവർത്തിക്കാൻ സാധിക്കും. കാലപ്പഴക്കമേറിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്നു. ’90കളിലെ സാങ്കേതികവിദ്യയായ ഓട്ടോ കോണൻ ഇതുവരെ മില്ലിൽ എത്തിയിട്ടില്ല. കെട്ടുപിണയാതെ നൂൽ പാക്കിലാക്കുന്ന സാങ്കേതികവിദ്യയാണിത്. രണ്ട് കോടിയോളം രൂപ വൈദ്യുതി കുടിശ്ശികയുണ്ട്.
നാലര പതിറ്റാണ്ട് പഴക്കമുള്ള ’78 ലെ യന്ത്രങ്ങളാണ് പലതും. ഒരു മെഷീനിൽ 464 നൂൽ നൂൽക്കുന്ന സ്പിൻഡിൽ ആണുള്ളത്. 1200 ആണ് പുതിയ യന്ത്രങ്ങളുടെ ശേഷി. സീതാറാമിൽ രണ്ട് പുതിയ യന്ത്രങ്ങൾ മാത്രമാണുള്ളത്. 16,000 സ്പിൻഡിൽ ഉള്ളത് 25,000 ആക്കുക എന്നതാണ് അടിയന്തരമായി ചെയ്യാനുള്ളത്. മാനുഷിക വിഭവശേഷി കുറച്ചുമതി. ഉൽപാദനം കൂടും. ഈ പദ്ധതി യൂനിയൻ നേതൃത്വം വ്യവസായമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. യന്ത്രങ്ങൾ പഴയത് ചിലത് നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അറ്റകുറ്റപ്പണി ഇല്ലാത്തതാണ് തിരിച്ചടിയാവുന്നത്.
ഭൂമിയിലാണ് കണ്ണ്
നഗരഹൃദയത്തിലെ കണ്ണായ സ്ഥലത്ത് മില്ലിന്റെ ഏക്കറുകണക്കിന് സ്വത്തുക്കളിൽ ഒരുഭാഗം വിറ്റ് നഷ്ടം നികത്തി പ്രവർത്തനം തുടരാനാണ് തീരുമാനം. പൂങ്കുന്നത്ത് സീതാറം മില്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പിന്നീട് ധനലക്ഷ്മി ബാങ്ക് ആസ്ഥാനമന്ദിരവും എലൈറ്റ് സൂപ്പർമാർക്കറ്റും മറ്റും വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.