പ്രണയ ദുരന്ത കാവ്യമായി ‘പുവർ ലിസ’
text_fieldsഇറ്റ്ഫോക്കിൽ കെ.ടി. മുഹമ്മദ് റീജനൽ തീയറ്ററിൽ അരങ്ങേറിയ പൂവർ ലിസ എന്ന നാടകത്തിൽനിന്ന്
തൃശൂർ: ദുരന്ത പര്യവസായിയായ റഷ്യൻ നാടകം ‘പുവർ ലിസ’ കാണികളുടെ കണ്ണ് നനയിച്ചു. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സംഗീത നാടകം കാണികളെ പിടിച്ചിരുത്തുന്നതിൽ ശരിക്കും വിജയിച്ചു. സാമൂഹിക സാഹചര്യങ്ങൾ മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങൾ എങ്ങനെ ദുരന്തമായി അവസാനിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുവർ ലിസ.
റഷ്യയുടെ തലസ്ഥാനമായ മോസ്കോയുടെ പ്രാന്ത ദേശത്ത് വസിക്കുന്ന കർഷക പെൺകുട്ടിയാണ് ലിസ. അച്ഛൻ നേരത്തേ മരിച്ചതിനെ തുടർന്ന് അവളും അമ്മയും മാത്രമാണ് കൊച്ചുകുടിലിലുള്ളത്. എത്രയും വേഗം മരിച്ച് ഭർത്താവിന്റെ അടുത്തെത്തണം എന്നാണ് ലിസയുടെ അമ്മയുടെ ആഗ്രഹം. ലിസ ഒറ്റപ്പെടും എന്നതിനാൽ മാത്രമാണ് താൻ മരണം കൊതിക്കാത്തതെന്നും അവർ പറയുന്നുണ്ട്. ലിസയെ ഏറെ സ്നേഹിക്കുന്ന മാന്യനായ ഒരു യുവാവിന് വിവാഹം കഴിച്ചുനൽകണം എന്നാണ് അവളുടെ അമ്മയുടെ ആഗ്രഹം.
തങ്ങളുടെ പാടത്ത് വിരിയുന്ന പൂക്കൾ മോസ്കോയിൽ കൊണ്ടുപോയി വിറ്റാണ് ലിസയും അമ്മയും ജീവിക്കുന്നത്. അങ്ങനെയിരിക്കെ ഒരുദിവസം ലിസ പൂവുമായി എത്തവേ നഗരത്തിലെ പ്രഭുവായ ഇറാസ്ത് അവളെ കണ്ടുമുട്ടുന്നു. ഒറ്റനോട്ടത്തിൽ തന്നെ ഇറാസ്ത് ലിസയിൽ അനുരക്തനാകുന്നു. ഇനിമുതൽ എല്ലാദിവസവും ലിസ തനിക്കുമാത്രമേ പുഷ്പങ്ങൾ വിൽക്കാൻ പാടുള്ളൂ എന്ന് ഇറാസ്ത് ആവശ്യപ്പെടും. ഇതുപ്രകാരം എന്നും പുത്തൻ പൂക്കളുമായി ലിസ ഇറാസ്തിനെ കാണാൻ പട്ടണത്തിലെത്തും.
അവർ പരസ്പരം പ്രണയം പങ്കുവെക്കും. ജീവിതത്തിൽ ഒരിക്കലും ഒറ്റപ്പെടുത്തി പോകില്ല എന്ന ഉറപ്പ് ഇറാസ്തിൽ നിന്നും ലഭിച്ചശേഷമാണ് ലിസ അയാളെ പ്രണയിക്കുന്നത്. എന്നാൽ, അധികം വൈകാതെ നമുക്ക് പിരിയേണ്ടിവരുമെന്നും താൻ പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നുവെന്നും ഇറാസ്ത് ലിസയെ അറിയിക്കുന്നു. അത്യന്തം ഹൃദയവേദനയോടെ അവൾ അത് അംഗീകരിക്കുന്നു. എന്നെങ്കിലും ഇറാസ്ത് മടങ്ങിവരും എന്ന് കരുതി അവൾ ജീവിതം തള്ളിനീക്കുന്നു. ഇതിനിടെ ഒരു ദിവസം അമ്മക്ക് മരുന്നുവാങ്ങാനായി അവൾക്ക് മോസ്കോ നഗരത്തിലേക്ക് പോകേണ്ടിവന്നു. അവിടെവെച്ച് അവൾ അവിചാരിതമായി കുതിരവണ്ടിയിൽവന്ന് വലിയൊരു കൊട്ടാരത്തിലേക്ക് കയറിപ്പോകുന്ന ഇറാസ്തിനെ കണ്ടുമുട്ടുന്നു.
അയാൾ അവളെ തന്റെ ഓഫിസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പട്ടാളത്തിൽ യുദ്ധത്തിന് ചേർന്നതിന് പിന്നാലെ ഇതര പട്ടാളക്കാരുമായി ചൂതാട്ടത്തിൽ ഏർപ്പെട്ട് തന്റെ സ്വത്ത് മുഴുവൻ നശിച്ചെന്നും ജീവിക്കാൻ അതിസമ്പന്നയും വിധവയുമായ ഒരു പ്രഭ്വിയെ വിവാഹം കഴിച്ചുവെന്നും ഇറാസ്ത് ലിസയെ അറിയിക്കുന്നു. മടങ്ങിപ്പോകാൻ ഇറാസ്ത് അവൾക്ക് നൂറ് റൂബിളും നൽകുന്നു. ഹൃദയം തകർന്ന ലിസ മടങ്ങിയെത്തി പുഴയിൽ ചാടി സ്വയം ഇല്ലാതാകുന്നു. വിവരമറിഞ്ഞ് അവളുടെ അമ്മയും ഹൃദയം പൊട്ടി മരിക്കുന്നു.
സാമൂഹിക അതിർവരമ്പുകളെ വെല്ലുവിളിച്ചുകൊണ്ട് സ്നേഹത്തിന് സ്ഥാനം ഉറപ്പിക്കാൻ കഴിയുമോ? എന്ന ചോദ്യവുമായാണ് മാർക്ക് റോസോവ്സ്ക്കിയുടെ ‘പുവർ ലിസ’ പ്രേക്ഷകരിലേക്ക് കടന്നുവന്നത്. നിക്കോളായ് കരംസിന്റെ ‘ബെഡ്നെയാ ലിസ’ എന്ന നോവല്ലയുടെ പുനരാവിഷ്കാരമായ നാടകം പ്രശസ്ത റഷ്യൻ സംവിധായകൻ ജി. എ ടോവ്സ്റ്റോനോഗോയുടെ ഓർമക്കായുള്ള സമർപ്പണം കൂടിയാണ്. സമൂഹത്തിലെ വർഗ അസമത്വത്തിനെക്കുറിച്ച് നാടകം ചർച്ചചെയ്യുന്നു. കാവ്യാത്മകവും സംഗീതപരവുമായ ഘടകങ്ങൾ ഉപയോഗിച്ച് പ്രണയത്തെയും വിശ്വാസവഞ്ചനയെയും വിവിധ ഭാവങ്ങളിൽ നാടകത്തിൽ അവതരിപ്പിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ കാലഘട്ടത്തിലെ വസ്ത്ര രീതികൾ, സംഭാഷണങ്ങൾ തുടങ്ങി റഷ്യയിലെ സംസ്കാരത്തെയും ജീവിത രീതികളെയും പുവർ ലിസ കാണികൾക്ക് പരിചയപ്പെടുത്തി. റഷ്യൻ സാഹിത്യത്തിൽ നിലനിന്നിരുന്ന സെന്റിമെന്റലിസത്തിന്റെ ചില ശകലങ്ങളും നാടകത്തിൽ കാണാം. പ്രണയം, ധാർമികത, സങ്കീർണമായ മനുഷ്യബന്ധങ്ങൾ, സാമൂഹികവും വർഗപരവുമായ സാഹചര്യങ്ങൾ എന്നിവയെ മുൻനിർത്തിക്കൊണ്ട് അവതരിപ്പിച്ച ‘പുവർ ലിസ’ ഇറ്റ്ഫോക്ക് വേദിയിൽ പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.