സമൂഹമാധ്യമങ്ങളിൽ 'പൂരച്ചർച്ച'; കോവിഡിനിടെ പൂരം നടത്തുന്നതിൽ ആശങ്ക
text_fieldsതൃശൂർ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തൃശൂർ പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിൽ തുടരവെ സമൂഹമാധ്യമത്തിൽ 'പൂരച്ചർച്ച'. പൂരം നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം നിരവധി പേർ അഭിപ്രായപ്രകടനം നടത്തുന്നുണ്ട്.
വർധിക്കുന്ന കോവിഡ് കണക്കുകളുടെ ആശങ്കകളാണ് ഏറെപ്പേരും പങ്കുവെക്കുന്നത്. എഴുത്തുകാരൻ എൻ.എസ്. മാധവൻ, സംവിധായകൻ ഡോ. ബിജു, മാധ്യമപ്രവർത്തകരായ കെ.ജെ. ജേക്കബ്, സി.എ. കൃഷ്ണൻ തുടങ്ങിയവരെല്ലാം കോവിഡ്കാലത്തെ പൂരം നടത്തിപ്പിനെതിരെ രംഗത്തെത്തി. കോവിഡ് ജാഗ്രതമുന്നറിയിപ്പ് നൽകിയ ഡി.എം.ഒയെ വിമർശിച്ച ദേവസ്വം പ്രതിനിധിക്കെതിരെയും വിമർശനമുയർന്നു. സർക്കാറിനെയും ദേവസ്വങ്ങളെയും പൂരപ്രേമികളെയും രാഷ്ട്രീയക്കാരെയും പലരും രൂക്ഷമായി വിമർശിക്കുന്നുണ്ട്.
''ശബരിമലയിൽ മടിച്ചുനിന്നത് പോലെ ഇപ്പോൾ ചെയ്യരുതെന്നും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള സമയമാണിതെന്നുമാണ് എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടത്. 17 ശതമാനത്തിന് മുകളിൽ പോസിറ്റിവിറ്റി നിരക്ക് എന്നതിെൻറ അർഥം കേരളത്തിൽ ഏകദേശം അഞ്ചിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ്. അത് അപകടകരമായ രീതിയിൽ ഉയർന്നതാണ്. തൃശൂർ പൂരം പോലുള്ള സൂപ്പർ സ്പ്രഡ് ഒത്തുചേരലുകൾ നിർത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
''പൂരം നടത്താനാവില്ലെന്ന് പറയാൻ ഭയക്കുന്ന ഭരണകൂടം, നിരോധനാജ്ഞ വന്നാൽ അതിനെ വർഗീയവത്കരിക്കാൻ കാത്തുനിൽക്കുന്ന ആചാര സംരക്ഷകർ, ഒരുനാട് മുഴുവൻ രോഗികളായാലും ചത്തുപോയാലും പൂരം നടത്തുമെന്ന് വെല്ലുവിളിക്കുന്ന പൂരപ്രേമികൾ, സാമാന്യ ബോധമുള്ള സാധാരണക്കാരായ ഞങ്ങളുടെ ജീവിതം വെച്ച് കുടമാറ്റം നടത്താൻ ഉളുപ്പില്ലേ...'' എന്നാണ് നടിയും അധ്യാപികയുമായ ഉമ അചിന്ത്യ കുറിച്ചത്.
''യുദ്ധകാലത്തും, ക്ഷാമകാലത്തും, കോവിഡ് കാലത്തുമൊക്കെ പൂരം ഒഴിവാക്കിയാണ് തൃശൂർ നാടിനൊപ്പം നിന്നത്. ആ വലിയ പൈതൃകമാണ് ചില സ്ഥാപിത താൽപര്യങ്ങൾ പിച്ചിച്ചീന്താനൊരുങ്ങുന്നത്'' എന്ന് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സി.എ. കൃഷ്ണൻ ചൂണ്ടിക്കാട്ടി. വികാരത്തിന് മേൽ വിേവകം വിജയം നേടട്ടെയെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ പറഞ്ഞു.
''പിണറായി മോദിയെ വിളിച്ച് വിഷയത്തിൽ ഇടപെടാൻ പറയണമെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബിെൻറ കുറിപ്പ്. 'പൂരപ്രേമികളെ ജീവിതത്തിൽ ഇനിയൊരു പൂരവും കാണണ്ട എന്നാെണങ്കിൽ ഇത്തവണ തൃശൂർ പൂരത്തിന് പോകാം, പോകാതിരുന്നാൽ വരുംവർഷങ്ങളിൽ നെന്മാറ വല്ലങ്ങിയും പാർക്കാടിയും ചെനക്കത്തൂരും ആറാട്ടുപുഴയും കാണാം... ഞാൻ ഒരു തൃശൂർക്കാരനാണ് ഇത്തവണ തൃശൂർ പൂരം ഒഴിവാക്കുന്നു...' ഒരു തൃശൂർ സ്വദേശി കുറിച്ചതിങ്ങനെ. തെരഞ്ഞെടുപ്പ് സമയത്ത് നിയന്ത്രണങ്ങളുണ്ടായില്ലല്ലോ, പൂരത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്നും പ്രതികരണങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.