പൂരം: ആനകളുടെ സുരക്ഷക്ക് കൂടുതൽ ക്രമീകരണം ഉറപ്പാക്കണം -കലക്ടർ
text_fieldsതൃശൂര്‍: തൃശൂർ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ വി.ആര്. കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനകളുടെ ആരോഗ്യ പരിശോധന ഉള്‍പ്പെടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കലക്ടർ നിര്‍ദേശം നല്കി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വളന്റിയര്‍മാരെ നിയോഗിക്കും. കര്‍ശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്ത് ഒരു വളന്റിയറുടെ സേവനമുണ്ടാകും. ജനങ്ങള്‍ ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നടത്തരുത്.
ഘടകപൂരങ്ങള്‍ക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മിറ്റിക്കാര് പൊലീസ് സൂപ്രണ്ടിന് ലഭ്യമാക്കണം. പൂരത്തിന്റെ തലേന്ന് 25 വീതം 50 വെറ്ററിനറി ഡോക്ടര്‍മാരുടെ രണ്ട് സംഘങ്ങള്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പാക്കും. മറ്റ് രേഖകള്‍ വനം വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശോധിക്കും. തൃശൂര്‍ പൂരത്തിലും മറ്റ് പ്രധാന പൂരങ്ങളിലും പങ്കെടുത്ത പരിചയം, മദകാലം, അനുസരണ, പാപ്പാന്മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുന്നള്ളിപ്പ് ദിവസങ്ങളില്‍ മയക്കുവെടി വിദഗ്ധരുടെ മൂന്ന് സ്ക്വാഡ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവ
ര്‍ത്തിക്കും.
കടുത്തവേനലില്‍ ആനകളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തണം. തണുപ്പ് നിലനിര്‍ത്താൻ നിലത്ത് ചാക്കിട്ട് ഇടക്കിടെ വെള്ളം നനക്കും. മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. തണ്ണിമത്തന്, കരിമ്പ് തുടങ്ങിയവ ധാരാളം നല്‍കണം. പൂരത്തോടനുബന്ധിച്ച് ആനകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ആന പാപ്പാന്മാര്, കമ്മിറ്റിക്കാര്, ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് കര്‍ശന പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന് വ്യക്തമാക്കി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. മുരളി, എസ്.പി.സി.എ അംഗം ഡോ. പി.ബി. ഗിരിദാസ്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ജിതേന്ദ്രകുമാര്‍, മൃഗ ക്ഷേമ ബോര്‍ഡ് പ്രതിനിധി എം.എന്‍. ജയചന്ദ്രന്, ഫെഡേറേഷന്‍ ഓഫ് സ്റ്റേറ്റ് എലിഫെന്റ് ഓണേഴ്സ് ഓര്‍ഗനൈസിങ് സെക്രട്ടറി കെ. മഹേഷ്, സംസ്ഥാന ആന തൊഴിലാളി യൂനിയന്‍ സെക്രട്ടറി പി.എം. സുരേഷ്, സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. സജീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.