കലാതറവാടിന്റെ ചുറ്റുമതിലിൽ കാണാം പൂരവും പുലിക്കളിയും നാടകവും
text_fieldsതൃശൂർ: സാംസ്കാരിക നഗരിയുടെ കലയുടെ തറവാടിനടുത്ത് കൂടി പോകുന്നവർക്ക് നാടകവും തുള്ളലും മാത്രമല്ല, തൃശൂരിന്റെ സ്വന്തം പൂരവും പുലിക്കളിയും കുമ്മാട്ടിക്കളിയുമൊക്കെ കാണാം. പെയിൻറിളകി പൂപ്പൽ നിറഞ്ഞ് കിടന്നിരുന്ന സംഗീത നാടക അക്കാദമിയുടെ ചുറ്റുമതിലിലാണ് പൂരവും പുലിക്കളിയും നാടകവുമെല്ലാം ശിൽപങ്ങളായി അവതരിച്ചിരിക്കുന്നത്.
അടുക്കളയിൽനിന്ന് അരങ്ങത്തേക്കും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയും നടൻ മുരളി അഭിനയിച്ച ലങ്കാലക്ഷ്മിയും നെടുമുടി വേണുവിന്റെ അവനവൻ കടമ്പയുമൊക്കെ അക്കാദമിയുടെ അകത്തളം വിട്ട് ചുറ്റുമതിലിൽ ചേക്കേറിയ കലാരൂപങ്ങളിലുണ്ട്.
ലളിതകലാ അക്കാദമിയുടെ ചുറ്റുമതിലിനെ ചുവർചിത്രങ്ങൾ കൊണ്ട് വർണാഭമാക്കിയപ്പോൾ സംഗീത നാടക അക്കാദമിയുടെ ചുറ്റുമതിലിനെ ശിൽപരൂപങ്ങളാണ് ആകർഷകമാക്കിയിരിക്കുന്നത്. വർണക്കൂട്ടുകളില്ലാതെ കരിങ്കല്ലിൽ കൊത്തിയെടുത്തുവെന്ന് തോന്നിക്കുന്ന ശിൽപ രൂപങ്ങളാക്കിയാണ് മാറ്റിയിരിക്കുന്നത്. സർക്കാറിന്റെ നൂറ് ദിന കർമപരിപാടികളിലുൾപ്പെടുത്തി 65 ലക്ഷം ചെലവിട്ടാണ് പൈതൃകമതിൽ ഒരുക്കുന്നത്. സിഡ്കോയാണ് കരാർ. ചിത്രകാരൻമാരായ എറണാകുളം സ്വദേശി മനോജ് ബ്രഹ്മമംഗലം, രഞ്ജിത് ലാൽ, കോഴിക്കോട് സ്വദേശി കെ.ആർ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ശിൽപത്തിന്റെ പണികൾ പുരോഗമിക്കുന്നത്. മൂന്നുപേരും നിരവധി ചിത്ര-ശിൽപ പ്രദർശനം നടത്തിയവരും ചിത്രകലാ അധ്യാപകരുമാണ്.
തനത് കലകളായ കഥകളി, ഓട്ടന്തുള്ളൽ, ചവിട്ടുനാടകം, പടയണി, ചാക്യാർകൂത്ത്, തുടികൊട്ട്, സോപാനസംഗീതം, ഇന്ദ്രജാലം, കളമെഴുത്ത്, നന്തുണി, കൂടിയാട്ടം, ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, നാടോടി നൃത്തം, മോഹിനിയാട്ടം, കളരിപ്പയറ്റ്, നങ്ങ്യാർകൂത്ത്, വള്ളംകളി, പുലികളി, തെയ്യം എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പെയിന്റിങ് കൂടി പൂർത്തിയാകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.