മാലിന്യത്തിൽനിന്നും വൈദ്യുതി ഉൽപാദനം; പദ്ധതി വീണ്ടും സജീവമാക്കി കോര്‍പറേഷൻ
text_fieldsതൃശൂര്‍: ജൈവ മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന 'വേസ്റ്റ് ടു എനര്‍ജി പ്ലാന്‍റ്' പദ്ധതി വീണ്ടും സജീവമാക്കി കോര്‍പറേഷൻ. സർക്കാർ പദ്ധതിയാണെങ്കിലും കോർപറേഷനാണ് സ്ഥലമേറ്റെടുക്കൽ അടക്കമുള്ളവയുടെ ചുമതല.
300 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ് 14 ഏക്കറിലാണ് സ്ഥാപിക്കുന്നത്. നടത്തറ പഞ്ചായത്തിലെ ഒല്ലൂക്കര വില്ലേജിലാണ് പ്ലാന്‍റ് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും കേരള സുസ്ഥിര നഗര വികസന പദ്ധതിയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു.
പദ്ധതിയിലൂടെ പ്രതിദിനം 500 ടണ്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ ബയോ മെത്തനൈസേഷന്‍ വഴി സംസ്‌കരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാം. പ്രതിദിനം ആറ് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2023ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ദുര്‍ഗന്ധം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങളും പുതിയ പ്ലാന്‍റില്‍ ഉണ്ടാകില്ല. പ്ലാന്‍റിനു ചുറ്റും സസ്യങ്ങള്‍ നട്ട് ഗ്രീന്‍ ബെല്‍റ്റ് രൂപപ്പെടുത്തും. 14 ഏക്കറില്‍ രണ്ട് ഏക്കറില്‍ മാത്രമാണ് പ്ലാന്‍റ് നിര്‍മിക്കുക. ബാക്കി 12 ഏക്കറിലാണ് ഗ്രീന്‍ ബെല്‍റ്റ്.
ഉന്നതോഷ്മാവില്‍ മാലിന്യം കത്തിച്ച് വെള്ളം തിളപ്പിച്ചു നീരാവിയാക്കി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. പ്ലാന്‍റില്‍നിന്ന് പുറത്തുവരുന്ന പുകയില്‍ ദോഷകരമായ ഘടകങ്ങളുണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നതായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഷാജന്‍ പറഞ്ഞു.
മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്‍റിന്‍റെ നിര്‍മാണം കോഴിക്കോട് ആരംഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷന്‍ (കെ.എസ്.ഐ.ഡി.സി) മുഖേനയാണ് കോഴിക്കോട്ട് പ്ലാന്‍റ് സ്ഥാപിക്കുന്നത്.
അതേസമയം, പ്ലാൻറിനായി കണ്ടെത്തിയ സ്ഥലത്തുനിന്നു 500 മീറ്റര്‍ അകലത്തില്‍ ജനവാസ മേഖലയാണ്. സമീപവാസികളുടെയും പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തില്‍ ശക്തമായ സമരമാണ് നടക്കുന്നത്.
സമരക്കാരെ അനുനയിപ്പിക്കാൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജന്‍റെയും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍റെയും നേതൃത്വത്തിൽ രണ്ട് തവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ജനപ്രതിനിധികള്‍ ജനങ്ങളെ നേരിട്ട് കണ്ട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമെന്നും ഷാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.