പ്രദീപിന്റെ മരണം അധികൃതരുടെ അനാസ്ഥ മൂലമെന്ന്
text_fieldsമാള: മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥൻ വീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവം നാടിെൻറ നൊമ്പരമായി. പടിഞ്ഞാറൻ മുറി കാട്ടുകാരൻ പ്രദീപാണ് (43) മരിച്ചത്. പൊയ്യ പഞ്ചായത്ത് വാർഡ് ഒന്നിലാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് മാള അഗ്നിരക്ഷസേന തീയണച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
2018ലെ പ്രളയത്തിൽ ഇവരുടെ വീട് വെള്ളത്തിൽ മുങ്ങി. പ്രളയത്തിൽ വീടുകൾ തകർന്നവർക്കുള്ള പുനരധിവാസത്തിൽനിന്ന് രോഗിയായ പ്രദീപിെൻറ കുടുംബത്തെ ഒഴിവാക്കിയതായി ആക്ഷേപം ഉയർന്നിരുന്നു. മൂന്നുവർഷത്തിനുശേഷം പഞ്ചായത്ത് അധികൃതർ ഭവന നിർമാണ വായ്പ പദ്ധതിയിൽപ്പെടുത്തിയാണ് വീട് നിർമിച്ചത്.
വീട് നിർമാണം വൈകിയതോടെയാണ് ഇദ്ദേഹത്തിെൻറ മാനസികനില മോശമാകാൻ തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ ജോലിക്ക് പോയാണ് കുടുംബം കഴിയുന്നത്. ഹയർ സെക്കൻഡറി വിദ്യാർഥികളായ രണ്ട് മക്കൾ ഇവർക്കുണ്ട്. വൈദ്യുതിയും അനുവദിച്ചിരുന്നില്ല. വീട്ടുനമ്പർ ഇല്ലാത്തതാണ് കാരണമായി തുടക്കത്തിൽ വൈദ്യുതി അധികൃതർ പറഞ്ഞത്. പിന്നീട് വീട്ടുനമ്പർ ലഭിച്ചു. വയറിങ് നടത്താൻ ഭിത്തിയില്ലാത്തതായി പിന്നെ കാരണം.
പൊയ്യ പഞ്ചായത്ത് വാർഡ് ഒന്നിലെ 322ാം നമ്പർ വീട് ചെന്തുരുത്തി തീരപ്രദേശ മേഖലയിലാണ്. നിന്ന് തിരിയാൻ ഇടമില്ലാത്ത കൂരക്കുള്ളിൽ നാല് മനുഷ്യ ജന്മങ്ങൾ കഴിയുന്നത് ദുരിത കാഴ്ചയായിരുന്നു. വീട് അനുവദിക്കാൻ പ്രദീപ് നേരത്തേ അപേക്ഷ നൽകിയിരുന്നിതാനാലാണ് പ്രളയ സമയത്ത് പുനരധിവാസം സാധ്യമാകാതിരുന്നത് എന്നാണ് അധികൃതർ പറയുന്നത്.
നേരത്തേ പരിഗണനയിലിരിക്കുന്ന വീടായതിനാൽ പുനർനിർമിച്ചു തരാൻ സാങ്കേതിക തടസ്സമുണ്ടെന്നാണ് പഞ്ചായത്ത് അംഗം പറഞ്ഞത്. തകരാൻ നിൽക്കുന്ന വീടിനു സമീപം അഞ്ച് സെൻറ് സ്ഥലമുണ്ട്. ഇതിലാണ് പിന്നീട് ഘട്ടംഘട്ടമായി വീട് നിർമാണം നടത്തിയത്. കയറി കിടക്കാമെന്നല്ലാതെ ഉറപ്പുള്ള വാതിൽ, ജനൽ ഒന്നും ഇപ്പോഴും ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.