പ്രാണ ഓക്സിജൻ പദ്ധതി: ഇതുവരെ 221 യൂനിറ്റുകൾ; സ്പോൺസർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ ഏർപ്പെടുത്തുന്ന പുതിയ ഓക്സിജൻ വിതരണ സംവിധാനത്തിന് സംഭാവന ചെയ്തവർക്ക് മന്ത്രി എ.സി. മൊയ്‌തീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഏറ്റവും ആധുനികമായ ചികിത്സാ പ്രതിരോധ മാർഗങ്ങളിലൂടെയാണ് കോവിഡിനെതിരായ പോരാട്ടത്തിൽ കേരളം പ്രത്യാശയുടെ തുരുത്തായി നിലകൊള്ളുന്നത്. ചികിത്സാസംവിധാനത്തിൽ കോവിഡ് രോഗികൾക്ക് ഓക്സിജൻ നൽകുക എന്നത് ഏറ്റവും അത്യന്താപേക്ഷിതമാണ്. ആരോഗ്യ സംവിധാനങ്ങൾ ഇതുവരെ ഉപയോഗിക്കാത്ത വിധത്തിലാണ് ഇപ്പോൾ ഓക്സിജെൻറ ഉപയോഗം.
മുടക്കമില്ലാതെയും കാര്യക്ഷമമായും 600 രോഗികൾക്ക് ഒരേസമയം ഓക്സിജൻ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രാണ എയർ ഫോർ കെയർ. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്പോൺസർഷിപ് വഴിയാണ് കേരളത്തിലാദ്യമായി കോവിഡ് ചികിത്സയെ ലക്ഷ്യമിട്ട് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു യൂനിറ്റ് സ്പോൺസർ ചെയ്യാൻ 12,000 രൂപയാണ് ചെലവ്. ഇങ്ങനെ സ്പോൺസർ ചെയ്തവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
ഇതുവരെയായി 221 യൂനിറ്റുകൾ സംഭാവനയായി ലഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ വിവിധ സർവിസ് സഹകരണ ബാങ്കുകൾ 100 യൂനിറ്റുകളും തൃശൂർ സെൻട്രൽ റോട്ടറി ക്ലബ് 44 യൂനിറ്റുകളും കൊച്ചിയിലെ മുത്തൂറ്റ് എം ജോർജ് ചാരിറ്റി ഫൗണ്ടേഷൻ 20 യൂനിറ്റും തൃശൂർ മെഡിക്കൽ കോളജിൽനിന്ന് കോവിഡ് മുക്തനായ മുഹമ്മദ് റാഫി അഞ്ചു യൂനിറ്റും സംഭാവന നൽകി. ഇതോടൊപ്പം കല്യാൺ ജ്വല്ലേഴ്‌സ് അവരുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ സംഭാവന നൽകി.
കോവിഡ് എമർജൻസി മെഡിസിൻ ഐ.സി.യു നിർമിക്കുന്നതിെൻറയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ജില്ല കലക്ടർ എസ്. ഷാനവാസ്, കോളജ് പ്രിൻസിപ്പൽ ഡോ. എ.എ. ആൻഡ്രൂസ്, ഡോ. ആർ. ബിജു കൃഷ്ണൻ, ഡോ. സി. രവീന്ദ്രൻ, ഡോ. ലിജോ ജെ. കൊള്ളന്നൂർ എന്നിവർ പങ്കെടുത്തു. പ്രാണവായു ലഭ്യമാക്കാനുള്ള ഈ മഹത്തായ സംരംഭത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8590955682 എന്ന വാട്സ് ആപ്പിലോ 0487-2472111 എന്ന ഓഫിസ് നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.