പ്രവീൺ റാണക്ക് കള്ളപ്പണ നിക്ഷേപം
text_fieldsതൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണക്ക് കേരളത്തിന് പുറത്ത് വൻ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് പൊലീസിന് വിവരം. നിക്ഷേപങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കടത്തിയെന്നാണ് സൂചന.
പുണെയിൽ നാല് ഡാൻസ് ബാറുകളിലും മുംബൈയിലും ബംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലുമായി പണം നിക്ഷേപിച്ചതായാണ് പൊലീസിന് ലഭിച്ച വിവരങ്ങൾ. നിക്ഷേപങ്ങൾ സംബന്ധിച്ച റാണയുടെ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലും മുംബൈയിലും പുണെയിലും വൻ നിക്ഷേപങ്ങളാണ് റാണ അവകാശപ്പെടുന്നത്.
പബ് തുടങ്ങാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നാണ് റാണ നിക്ഷേപകരോട് പറഞ്ഞിരുന്നത്. ഓഡിയോ സന്ദേശത്തിൽ നിക്ഷേപകരോട് ഇക്കാര്യം പറയുന്നുണ്ട്. നിലവിൽ 25 കേസുകളാണ് ഇയാൾക്കെതിരെ തൃശൂരിലെ വിവിധ സ്റ്റേഷനുകളിലായി എടുത്തിട്ടുള്ളതെങ്കിലും കെണിയിലായ എല്ലാവരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കവിയാൻ ഇടയുണ്ടെന്നാണ് കരുതുന്നത്.
നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതും ബിനാമി പേരില്‍ നിക്ഷേപമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരാണ് പരാതിക്കാര്‍.
കമ്പനി പൊട്ടിയെന്നറിഞ്ഞപ്പോൾ ചെയർമാൻ സ്ഥാനം ഡ്രൈവർക്ക്
തൃശൂർ: നിക്ഷേപകരിൽ അസംതൃപ്തി ഉയരുകയും ആരോപണങ്ങളുയരുകയും ചെയ്തതോടെ കുരുക്കിലാവുന്നുവെന്ന് ബോധ്യപ്പെട്ട പ്രവീൺ റാണ കുരുക്ക് ഡ്രൈവറുടെ കഴുത്തിലേക്കിട്ടും കബളിപ്പിച്ചു. ഒളിവിൽ പോവുന്നതിനു മുമ്പ് കമ്പനിയുടെ എം.ഡി -ചെയര്മാന് സ്ഥാനം പ്രവീണ്‍ റാണ ഡ്രൈവറും ബന്ധുവുമായ വിഷ്ണുവിനാണ് കൈമാറിയത്. വിവിധ സ്റ്റേഷനുകളില്‍ പരാതികളെത്തുന്നതിന് മുമ്പായിരുന്നു അധികാര കൈമാറ്റം.
ഡിസംബര്‍ 29ന് പ്രവീണ്‍ റാണ തല്‍സ്ഥാനത്തുനിന്ന് മാറിയെന്ന രേഖകളാണ് പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാസം 27ന് നിക്ഷേപകരുടെ പണം നൽകുമെന്ന് പ്രവീൺ റാണ നിക്ഷേപകരുടെ യോഗത്തിൽ അറിയിച്ചിരുന്നു. ഇത് കഴിയാതിരുന്നതോടെയാണ് നിക്ഷേപകർ കൂട്ടത്തോടെ രംഗത്തുവന്നത്.
നിയമനടപടികളില്‍ ഇളവ് ലക്ഷ്യമിട്ടാണ് അധികാരം കൈമാറിയതെന്നാണ് സൂചന. വിഷ്ണു അടക്കം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനാണ് പൊലീസ് തീരുമാനം. കമ്പനിയുടെ ഡയറക്ടര്‍മാരെയും പ്രതികളാക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ‘സേഫ് ആൻഡ് സ്ട്രോങ് നിധി’യുടെ ആസ്ഥാനം തൃശൂർ ആണെങ്കിലും കൊച്ചിയിലാണ് പ്രവീൺ സ്ഥിരമായി തങ്ങിയിരുന്നത്.
ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിൽ പീഡിപ്പിച്ച കേസിലുൾപ്പെട്ട ബാർ പ്രവീൺ ഏറ്റെടുത്ത് നടത്തുന്നതാണ്. തൃശൂർ, കൊച്ചി സിറ്റി പൊലീസ് സേനകളിലെ പലരുമായും പ്രവീൺ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു.
കൊച്ചിയിൽ എം.ജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ചിലവന്നൂർ റോഡിലുള്ള ഫ്ലാറ്റിലാണ് പ്രവീൺ ഒളിവിൽ തങ്ങിയിരുന്നത്. പൊലീസിനെ വെട്ടിച്ച് കടന്നത് ഇവിടെനിന്നായിരുന്നു. രക്ഷപ്പെട്ട പ്രവീൺ കണ്ണൂരിലേക്കാണ് കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.