പ്രവീൺ റാണ കൈയകലത്തിൽ രക്ഷപ്പെട്ടു; വിവരം ചോർത്തൽ സംശയിച്ച് പൊലീസ്
text_fieldsതൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ തൊട്ടരികെ വെച്ച് രക്ഷപ്പെടാനിടയായതിന് പിന്നിൽ സേനക്കുള്ളിലെ വിവരം ചോർത്തൽ സംശയിച്ച് പൊലീസ്. കൊച്ചി കടവന്ത്രയിലെ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ഇയാള്‍ ഉണ്ടായിരുന്നത്.
തൃശൂർ പൊലീസെത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോഴാണ് റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെട്ടത്. പൊലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ ബി.എം.ഡബ്ല്യൂ കാറിൽ രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പൊലീസ് ചാലക്കുടിയിൽ വാഹനം തടഞ്ഞപ്പോൾ റാണ അതില്‍ ഇല്ലായിരുന്നു.
ഫ്ലാറ്റിൽനിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവക്കും അങ്കമാലിക്കും ഇടയിൽ വെച്ച് ഇയാൾ മുങ്ങുകയായിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. പൊലീസിൽ ഉന്നത ബന്ധങ്ങളുള്ള പ്രവീൺ റാണയുടെ ജീവനക്കാരിൽ ചിലർ പൊലീസിൽനിന്ന് വിരമിച്ചവരാണ്.
ഫ്ലാറ്റിലുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് അതിരഹസ്യമായി എത്തുന്ന അതേസമയത്ത് തന്നെ രക്ഷപ്പെടാൻ ഇടയാക്കിയത് കൂടെയുള്ളവരിൽനിന്ന് വിവരം ചോർന്നിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. വിവര ചോർച്ചകൾ ഇല്ലാതിരിക്കാനും മറ്റ് ഇടപെടലുകൾക്ക് അവസരമില്ലാതിരിക്കാനും കമീഷണർ നേരിട്ട് മേൽനോട്ടം വഹിച്ചാണ് കേസ് നീക്കങ്ങളെന്നിരിക്കെ കൈയകലത്തിൽനിന്ന് പ്രവീൺ റാണയുടെ രക്ഷപ്പെടൽ അന്വേഷണ സംഘത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ്.
ഫ്ലാറ്റിലുണ്ടായിരുന്നതും തൃശൂരിലുണ്ടായിരുന്നതുമായ നാല് ആഡംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. പിടികൂടിയ കാറുകള്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ഓഫിസുകളിൽ പരിശോധന; നിർണായക രേഖകൾ കണ്ടെടുത്തു
തൃശൂർ: പ്രവീൺ റാണയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും മറ്റ് ആരുടേയോ സഹായം ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. റാണയുടെ എല്ലാ ഓഫിസുകളിലും പൊലീസ് തിങ്കളാഴ്ചയും പരിശോധന നടത്തി. തൃശൂർ, കുന്നംകുളം, പാലക്കാട് മണ്ണാർക്കാട്, കണ്ണൂർ ഓഫിസുകളിൽനിന്ന് നിർണായകരേഖകൾ ശേഖരിച്ചിട്ടുണ്ട്.
തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം ഒരേ സമയത്തായിരുന്നു എല്ലാ ഓഫിസുകളിലും പരിശോധന നടത്തിയത്. കണ്ണൂരിൽ ഓഫിസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ പൂട്ട് തകർത്താണ് പൊലീസ് അകത്ത് കയറി പരിശോധന നടത്തിയത്.
മണ്ണാർക്കാട്, തൃശൂർ ഓഫിസുകളിൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. കെ.പി. പ്രവീണ്‍ എന്ന ബി.ടെക് ബിരുദധാരിയാണ് പ്രവീൺ റാണയെന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പുകാരനായത്. നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
‘സേഫ് ആൻഡ് സ്ട്രോങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്.
നിലവില്‍ റാണയുടെ ലൊക്കേഷന്‍ പൊലീസിന് വ്യക്തമായി പിന്തുടരാന് കഴിഞ്ഞിട്ടില്ല. കൊച്ചിയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സൂചന കിട്ടിയിട്ടുണ്ട്. നിലവില്‍ 22 കേസുകളിലെ പ്രതിയാണ് റാണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.