മഴക്കാലപൂർവ ശുചീകരണം; പെരുമാറ്റച്ചട്ടത്തിൽ ഇളവ് നൽകും -ജില്ല കലക്ടർ
text_fieldsതൃശൂർ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന് അപേക്ഷ നൽകിയാൽ മാതൃക പെരുമാറ്റച്ചട്ടത്തിൽ തെരഞ്ഞെടുപ്പ് ഓഫിസറുടെ പരിധിയിൽ ഇളവ് നൽകുമെന്ന് കലക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു. ജില്ലതല നിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വാർഡുതല സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിലാണ് പകർച്ചവ്യാധി നിയന്ത്രണ, മാലിന്യ സംസ്കരണ പ്രവർത്തനം നടത്തേണ്ടത്. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും യോഗം ചേർന്നതായി എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.എം. ഷഫീഖ് യോഗത്തെ അറിയിച്ചു. ബാക്കിയുള്ളവർ 10ന് യോഗം ചേർന്ന് 15നകം കർമപദ്ധതി പ്രഖ്യപിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
അപകടാവസ്ഥയിലായ മരങ്ങൾ ട്രീ കമ്മിറ്റി കണ്ടെത്തി വെട്ടിനീക്കും. വൈദ്യുതി കമ്പിയിലേക്ക് മുട്ടി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റൽ 20നകം പൂർത്തിയാക്കും. കെ.എസ്.ഇ.ബിയുടെ ഉപയോഗ രഹിതമായ ഉപകരണങ്ങൾ രണ്ടാഴ്ചക്കകം നീക്കും. ജലസേചന വകുപ്പിലെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി.
ഊരുകളിലെ അപകട സാധ്യത പിന്നാക്ക, വനം വകുപ്പുകൾ കണ്ടെത്തി റിപ്പോർട്ട് നൽകണം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരം ജില്ല ദുരന്ത പ്രതിരോധ സമിതിക്ക് കൈമാറാൻ കലക്ടർ മണ്ണ് സംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടു. എ.ഡി.എം ടി. മുരളി സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.