ആരാധനാലയങ്ങൾ പൊളിക്കാൻ പദ്ധതി തയാറാക്കൽ; മാസ്റ്റർപ്ലാൻ മുൻ ഭരണ സമിതിയുടേതെന്ന് മേയർ
text_fieldsതൃശൂർ: കോർപറേഷൻ മാസ്റ്റർപ്ലാൻ സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണെന്ന് മേയർ അജിത ജയരാജൻ. തൃശൂർ നഗരത്തിലെ പൈതൃക സോണുകളെ അട്ടിമറിച്ച് മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നുവെന്ന കോൺഗ്രസ് ആരോപണം തെറ്റാണെന്നും ഇത്തരമൊരു തീരുമാനം കോർപറേഷൻ സ്വീകരിച്ചിട്ടില്ലെന്നും മേയർ അറിയിച്ചു. പൈതൃക സോൺ അട്ടിമറിച്ചെന്ന പ്രതിപക്ഷത്തിെൻറ ആരോപണത്തിനായിരുന്നു മേയറുടെ മറുപടി.
2012 നവംബർ ആറിന് വിജ്ഞാപനം ചെയ്ത മാസ്റ്റർപ്ലാൻ തയാറാക്കിയത് അന്നത്തെ യു.ഡി.എഫ് ഭരണസമിതിയാണ്. അന്നത്തെ യു.ഡി.എഫ് സർക്കാറാണ് അതിന് അനുമതി നൽകിയത്. ഇതനുസരിച്ച് സ്വരാജ് റൗണ്ടിന് 36 മീറ്റർ വീതിയുണ്ടാവണം. നിലവിലുള്ളത് 22 മീറ്റർ മാത്രമാണ്.14 മീറ്ററോളം തേക്കിൻകാട് മൈതാനത്തേക്ക് കടത്തി പുതിയ റോഡ് നിർമിക്കണമെന്നായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. ഇങ്ങനെ 117 റോഡുകൾ ദീർഘവീക്ഷണമില്ലാതെ വീതി കൂട്ടാനായിരുന്നു തീരുമാനം.
രാജൻ പല്ലൻ മേയറായപ്പോൾ പുതിയ പ്രൊപ്പോസൽ സർക്കാറിലേക്ക് അയച്ചു. അതിൽ പൂങ്കുന്നം ക്ഷേത്രം, വളര്‍ക്കാവ് ക്ഷേത്രം, അരണാട്ടുകര പള്ളി, വടൂക്കര പള്ളി ഉള്‍പ്പെടെയുള്ള വിവിധ പൈതൃകസ്മാരകങ്ങള്‍ പൊളിച്ചുകളയാൻ നിർദേശിച്ചിരുന്നു. കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പെടെയുള്ള ഒല്ലൂക്കര സോണിലെ എല്ലാഭാഗവും ഡ്രൈ-അഗ്രിക്കള്‍ച്ചര്‍ സോണ്‍ ആക്കി മാറ്റി.
വര്‍ഷങ്ങളായി ഭൂമി നികത്തി തെങ്ങും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് വീടുകള്‍ നിർമിച്ചിട്ടുള്ള മേഖലകളെ പാഡി സോണ്‍ ആക്കിയും പ്രഖ്യാപിച്ചു. ഇങ്ങനെ ഐ.പി. പോൾ, രാജൻ പല്ലൻ എന്നിവർ മേയർമാരായിരുന്ന യു.ഡി.എഫ് കാലത്ത് തയാറാക്കിയ മാസ്റ്റർ പ്ലാൻ തൃശൂരിെൻറ അന്തകനാണ്. ഇത് പരിഹരിക്കുന്നതിനാണ് ഇപ്പോഴത്തെ ഭരണസമിതി ശ്രമിച്ചത്.
ജനകീയ കൺവെൻഷനും വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള ചർച്ചകളും മേഖല തലത്തിൽ കൗൺസിലർമാരും പരാതിക്കാരുമായിട്ടുള്ളവരുമായുള്ള ചർച്ചകൾക്കും പുറമെ ചീഫ് ടൗൺ പ്ലാനർ വിവിധ ഉദ്യോഗസ്ഥരുമായി മൂന്ന് തവണ ചർച്ചകളും സംഘടിപ്പിച്ചു. ഇങ്ങനെ പരിശോധിച്ചതിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കുന്നതിനാണ് ഇപ്പോഴത്തെ ഭരണസമിതി സർക്കാറിലേക്ക് നിർദേശം അയച്ചത്.
മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് ഒമ്പത് തവണ സ്പെഷൽ കൗൺസിലുകൾ വിളിച്ചു. ഇതിൽ ആറെണ്ണത്തിലും യു.ഡി.എഫ് അംഗങ്ങൾ ബഹളമുണ്ടാക്കി. മൂന്നെണ്ണത്തിൽ സഹകരിച്ചു. 2019 നവംബർ 26ന് േചർന്ന കൗൺസിൽ ഏകകണ്ഠമായാണ് പുതിയ പ്രപ്പോസലിൽ തീരുമാനമെടുത്തത്.
അന്നത്തെ കൗൺസിലിൽ രാജൻ പല്ലൻ തനിക്കും കോൺഗ്രസിനും തെറ്റു പറ്റിയതാണെന്ന് മാപ്പപേക്ഷ നടത്തിയതാണ്. പൈതൃക സോണുകള്‍ സംബന്ധിച്ച് കേന്ദ്രനിയമ പ്രകാരമുള്ള തേക്കിന്‍കാട് ഉൾപ്പെടെയുള്ള എല്ലാ സ്ഥലവും പൈതൃക സോണുകള്‍ തന്നെയായിട്ടാണ് ഇപ്പോഴത്തെ കൗണ്‍സില്‍ പ്രപ്പോസ് ചെയ്തിരിക്കുന്നത്. അന്തിമ മാസ്റ്റര്‍ പ്ലാന്‍ സർക്കാർ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നാണ് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് തെറ്റായ പ്രസ്താവനകൾ ഉയർത്തുന്നത്.
തേക്കിൻകാട് 14 മീറ്റര്‍ പൊളിച്ച് ചുറ്റും റോഡ് പണിയാനും പള്ളികളും അമ്പലങ്ങളും പൊളിച്ചു നീക്കുന്നതിനും ഒപ്പിട്ടുകൊടുത്ത ഫയലുകള്‍ കോര്‍പറേഷനില്‍ ഉണ്ടെന്ന് മനസ്സിലാക്കണമെന്നും മേയർ അറിയിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് തയാറാക്കിയ മാസ്റ്റർ പ്ലാനിലെ സ്വരാജ് റൗണ്ട് ഉൾപ്പെടെയുള്ള 117 റോഡുകളുടെ വീതി സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടായിരുന്നു മേയറുടെ വിശദീകരണം.
പൈതൃക മേഖല സംരക്ഷണ സമരവുമായി ഡി.സി.സി
തൃശൂർ: പൈതൃകമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാസ്റ്റർപ്ലാൻ അട്ടിമറിക്കാനുള്ള നടപടിയാണ് കോർപറേഷേൻറതെന്ന് ആരോപിച്ച് ഡി.സി.സി സമരത്തിന്. പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിെൻറ ഭാഗമായി ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ, മുൻ മേയർ ഐ.പി. പോൾ, കോർപറേഷൻ പ്രതിപക്ഷകക്ഷി നേതാവ് രാജൻ ജെ. പല്ലൻ എന്നിവർ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ സന്ദർശിച്ചു.
പദ്ധതി സംരക്ഷിക്കണമെന്ന ശക്തമായ വികാരമാണ് ഭാരവാഹികളിൽനിന്ന് ഉണ്ടായതെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് അറിയിച്ചു.പാറമേക്കാവ് ദേവസ്വം ഓഫിസിൽ ദേവസ്വം സെക്രട്ടറി ജി. രാജേഷ് ഷാൾ അണിയിച്ചു പുതിയ ഡി.സി.സി പ്രസിഡൻറിനെ സ്വീകരിച്ചു.
വടക്കുനാഥൻ ക്ഷേത്രത്തിെൻറ മാഹാത്മ്യവും വിശ്വാസവും മുൻനിർത്തിയുള്ള പദ്ധതി അട്ടിമറിക്കാൻ അനുവദിക്കരുതെന്ന് ദേവസ്വം പ്രസിഡൻറ് സതീഷ് മേനോനും സെക്രട്ടറി ജി. രാജേഷും വ്യക്തമാക്കി. വൈസ് പ്രസിഡൻറ് ഡോ. എം. ബാലഗോപാൽ, അസി. സെക്രട്ടറി ജി. വിജയൻ എന്നിവരുമുണ്ടായിരുന്നു .തിരുവമ്പാടി ദേവസ്വത്തിൽ ഭാരവാഹികളുമായി പൈതൃക സോൺ വിഷയത്തിൽ ചർച്ച നടത്തി. വൈസ് പ്രസിഡൻറ് പി. രാധാകൃഷ്ണൻ, സെക്രട്ടറി എം. രവികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറിന് ഭാരവാഹികൾ ഉപഹാരം നൽകി. ഡി.സി.സി പ്രസിഡൻറിനൊപ്പം കൗൺസിലർമാരായ ജോൺ ഡാനിയേൽ, സി.ബി. ഗീത, എ. പ്രസാദ്, ഫ്രാൻസിസ് ചാലിശ്ശേരി, ടി.ആർ. സന്തോഷ്, കെ. ഗിരീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
ഭൂമാഫിയയുടെ താൽപര്യങ്ങൾക്ക് വഴങ്ങിയുള്ള മാസ്റ്റർപ്ലാൻ അട്ടിമറിക്ക് പിന്നിൽ വൻ അഴിമതിയാണെന്നും ശക്തമായ ജനകീയ സമരങ്ങൾക്ക് കോർപറേഷൻ കൗൺസിൽ ഭാരവാഹികളുടെ യോഗം തീരുമാനിച്ചതായും ഡി.സി.സി പ്രസിഡൻറ് അറിയിച്ചു. മേയർ മാത്രം ഒപ്പിട്ട് നൽകിയ പുതുക്കിയ മാസ്റ്റർപ്ലാനിന് സർക്കാർ അനുമതി നൽകരുതെന്നും എം.പി. വിൻസെൻറ് ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രതിഷേധ സായാഹ്നം 10ന്
തൃശൂർ: പൈതൃകമേഖല സംരക്ഷണത്തിനും മാസ്റ്റർപ്ലാൻ അട്ടിമറിക്കുമെതിരെ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10ന് തൃശൂരിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ രാജൻ പല്ലൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.