നീറിപ്പുകഞ്ഞ് അടുക്കള
text_fieldsതൃശൂർ: ഇഞ്ചിയുടെ വില കേട്ടാൽ നെഞ്ചിൽ കൈവെക്കും. വെളുത്തുള്ളിയും പച്ചമുളകും തക്കാളിയും കറിയിൽനിന്ന് പുറത്താണ്. ദിവസം തള്ളിനീക്കാൻ പോക്കറ്റ് മുഴുവനും കാലിയാക്കിയാലും പറ്റാത്ത സാഹചര്യമാണ്. ഒരുമാസത്തിലേറെയായി തുടരുന്ന പച്ചക്കറി- പലവ്യഞ്ജനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാവുകയാണ്. തക്കാളിക്കോ പച്ചമുളകിനോ അടുത്തൊന്നും വിലകുറയില്ലെന്ന സൂചനയാണ്.
ഇതോടൊപ്പം ഉത്തരേന്ത്യയിലെ പ്രളയം കൂടിയായതോടെ അടുക്കള നീറിപ്പുകയുന്നു. വിലകൊടുത്താലും പലതും കിട്ടാനില്ലാത്തത് സർക്കാർ ഇടപെടലിനെയും ദുർബലമാക്കുന്നു. മഴ പെയ്തതോടെ നാടൻ പച്ചക്കറികളുടെ വരവും നന്നേ കുറഞ്ഞു. വെജിറ്റബ്ൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ സംഭരണ കേന്ദ്രങ്ങളിലെത്തുന്ന പച്ചക്കറികൾ വിരളം. ഉള്ളവ എത്തിയയുടൻ വ്യാപാരികൾ കൊണ്ടുപോകും.
ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ നിരത്തിലിറങ്ങിയിട്ടുണ്ടെങ്കിലും പ്രതിദിന വിലകളിൽ ഏറ്റക്കുറച്ചിലുകളും പച്ചക്കറികൾ പലതും കിട്ടാനില്ലാത്തതും തിരിച്ചടിയാണ്. തക്കാളി ഉൽപാദനത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായ കർണാടകയിലെ കോലാറിൽ പോലും വൻ വിലക്കാണ് വിൽപന.
കീടബാധമൂലം ഉൽപാദനം ഗണ്യമായി ഇടിഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. അടുത്ത വിളവിന് ഒരുമാസത്തിലേറെയെടുക്കും. ഓണത്തിനും തീവിലയാകുമെന്ന സൂചനയാണിത്.
മത്സ്യത്തേക്കാൾ വില ഇഞ്ചിക്കും പച്ചമുളകിനും
ട്രോളിങ് നിരോധനം മൂലം മത്സ്യത്തിനെല്ലാം വില കൂടി. 100 മുതൽ മുകളിലേക്ക് എല്ലാ ഇനത്തിനും വില. ചാളക്ക് 200 രൂപയാണ് ഇന്നലെ ചില്ലറ മാർക്കറ്റിലെ വില. അയലയും ഇതേ വിലതന്നെ. കിളിമീനിന് 260ഉം കൊഴുവക്ക് 100ഉം ആണ് ഇന്നലത്തെ കിലോ വില. ട്രോളിങ് നിരോധനം ആരംഭിച്ചപ്പോഴുള്ള വിലവർധനയെക്കാൾ അൽപം ശമനമുണ്ടായിട്ടുണ്ടെന്നാണ് ആശ്വാസം. പക്ഷേ, ഇതു വെക്കാനുള്ള ഇഞ്ചിക്കും പച്ചമുളകിനും മീനിനെക്കാൾ വിലയാണ്.
പഞ്ഞം മാത്രം; സപ്ലൈകോയിലും ഒന്നുമില്ല
വിപണിയിൽ വിലയുയർന്നു നിൽക്കുമ്പോൾ സാധാരണക്കാർക്ക് ആശ്രയമാകേണ്ട സപ്ലൈകോ, മാവേലി സ്റ്റോറുകൾ അക്ഷരാർഥത്തിൽ കാലിയാണ്. ഒരുമാസത്തിലേറെയായി സ്റ്റോക്കുകൾ കാര്യമായി എത്തിയിട്ട്. പൊതുവിപണിയേക്കാൾ വിലക്കുറവാണെങ്കിലും സാധനങ്ങൾ കിട്ടിയിട്ടുവേണ്ടേ കൊടുക്കാൻ.
സബ്സിഡി സാധനങ്ങളടക്കം പലതും പരിമിതമായ സ്റ്റോക്കാണ് ജില്ലയിലെ ഔട്ട്ലറ്റുകളിലുള്ളത്. അരി മുതൽ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില വർധിച്ചു. പലതും ഒരാഴ്ച മുമ്പുള്ളതിനേക്കാൾ അഞ്ചുരൂപ വരെ വിലകയറി. അടുത്തയാഴ്ച സ്റ്റോക്ക് എത്തുമെന്നാണ് മുകളിൽനിന്നുള്ള അറിയിപ്പെന്ന് ജീവനക്കാർ പറയുന്നു.
ഔട്ട്ലറ്റുകളിൽ ക്ഷാമമുള്ളവ- പരിപ്പ്, കടല, ചെറുപയർ, ഉഴുന്ന്, ഗ്രീൻപീസ്, മുളക്, അരി കുറുവ, മട്ട, ജയ.
ആശ്വാസമായി ഹോർട്ടികോർപ്പിന്റെ പച്ചക്കറി വണ്ടികൾ
പച്ചക്കറി വില പിടിച്ചുനിൽത്താൻ ഹോർട്ടികോർപ്പിന്റെ ഇടപെടൽ നാട്ടുകാർക്ക് അൽപമെങ്കിലും ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ നാലു മുതൽ സഞ്ചരിക്കുന്ന പച്ചക്കറി വണ്ടികൾ ഓടിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്താകെ 25 വണ്ടികളാണ് പച്ചക്കറിയുമായി ഓടുന്നത്. കുറഞ്ഞവിലയിൽ ഗുണമേന്മയുള്ള പച്ചക്കറി കിട്ടുന്ന ആശ്വാസമുണ്ട്. കൂടുതൽ വണ്ടികൾ ഇടാൻ സംവിധാനമുണ്ടെങ്കിലും ലഭ്യതക്കുറവ് തിരിച്ചടിയാണ്. പൊതുവിപണിയേക്കാൾ 15 രൂപവരെ കുറവാണ് ഹോർട്ടികോർപിന്റെ സഞ്ചരിക്കുന്ന മാർക്കറ്റിൽ.
വിലയെ കൂകിത്തോൽപിച്ച് കോഴി
180 വരെയെത്തിയ കോഴിയിറച്ചി വില ഇന്നലെ 110 ആയിരുന്നു. വാനോളം ഉയർന്ന വില താഴ്ന്നുതുടങ്ങിയതാണ് ആശ്വാസം. ലൈവ് മൊത്തക്കച്ചവടം 92ലും ചില്ലറവിൽപന 110ലും ഇറച്ചി വില 180ലുമാണ് നടന്നത്. കറിയാക്കാനുള്ള സാധനങ്ങൾക്ക് വിലയുയർന്നു നിൽക്കുന്നതിനാൽ കോഴിയിറച്ചിയുടെ വില താഴ്ന്നാലും ഫലം തുച്ഛം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.