വിലക്കയറ്റം, സബ്സിഡി കിട്ടുന്നില്ല; ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ
text_fieldsമുളങ്കുന്നത്തുകാവ്: വിലക്കയറ്റം രൂക്ഷമായതോടെ സംസ്ഥാനത്തെ ജനകീയ-സുഭിക്ഷ ഹോട്ടലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. അരി, പച്ചക്കറി, പാചകവാതകം എന്നിവയുടെ വില കൂടിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതിനുപുറമെ സര്‍ക്കാര്‍ സബ്സിഡി മാസങ്ങളായി കിട്ടുന്നില്ല.
ജനകീയ ഹോട്ടൽ നടത്തുന്ന കുടുംബശ്രീ യൂനിറ്റിന് പ്രത്യേക റേഷൻ കാർഡ് അനുവദിച്ചിട്ടുണ്ട്. മാസം 12 ചാക്ക് അരി കുറഞ്ഞനിരക്കിൽ റേഷൻ കടകളിൽനിന്ന് ലഭിച്ചിരുന്നു. ഈ പ്രത്യേക കാർഡ് ഇപ്പോൾ പുതുക്കി നൽകുന്നില്ലെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു. ഇതുമൂലം അരി ലഭിക്കാത്ത സ്ഥിതിയാണ്. പലവട്ടം നിവേദനം നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തിനോട് ചേർന്ന് ജനകീയ ഹോട്ടൽ നടത്തുന്നവർ പറഞ്ഞു. ഇപ്പോൾ പൊതുവിപണിയിൽനിന്ന് വൻ വിലക്ക് അരി വാങ്ങുകയാണ്. ഇത് ബാധ്യതയായതോടെ പലരും ഹോട്ടൽ പൂട്ടുകയാണ്.
2020-21 സാമ്പത്തിക വര്‍ഷമാണ് ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി ജനകീയ ഹോട്ടൽ ആരംഭിക്കാന്‍ തീരുമാനിച്ചത്. 20 രൂപക്ക് ഊൺ നല്‍കുന്നതായിരുന്നു പദ്ധതി. കുടുംബശ്രീ സംസ്ഥാനത്ത് 1116 ഹോട്ടലും സിവില്‍ സപ്ലൈസ് വകുപ്പ് 50 സുഭിക്ഷ ഹോട്ടലുമാണ് ആരംഭിച്ചത്.
കോവിഡ് കാലത്തും അതിനുശേഷവും സാധാരണക്കാരന് വലിയ ആശ്രയമായിരുന്നു 20 രൂപയുടെ ഊൺ. കുടുംബശ്രീ 20 രൂപക്ക് നൽകുന്ന ഊണിന് 10 രൂപയും സുഭിക്ഷ ഹോട്ടലുകള്‍ 20 രൂപക്ക് നൽകുന്ന ഊണിന് അഞ്ച് രൂപയുമാണ് സബ്സിഡി. ഹോട്ടലുകള്‍ തുടങ്ങി ആദ്യമാസങ്ങളില്‍ സബ്സിഡി കൃത്യമായി നല്‍കിയിരുന്നു.
എന്നാല്‍, ലോക്ഡൗണ്‍ അവസാനിച്ച് സംസ്ഥാനം പഴയ അവസ്ഥയിലേക്ക് എത്തിയശേഷം സബ്സിഡി മുടങ്ങി.
കഴിഞ്ഞ ഏഴു മാസമായി സബ്സിഡി ലഭിച്ചിട്ടില്ലെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു. സബ്സിഡി തുക ലഭിച്ചാൽ പണം നൽകാമെന്ന് ഉറപ്പുനൽകിയാണ് പലരും പലവ്യഞ്ജനങ്ങൾ വാങ്ങുന്നത്. തുക ഇനിയും വൈകിയാൽ വസ്തുവകകൾ വിറ്റ് കടം തീർക്കേണ്ട അവസ്ഥയാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.