നികുതി കുതിക്കുന്നു; വളത്തിനും കീടനാശിനികൾക്കും കൊള്ളവില, കർഷകർ പ്രതിസന്ധിയിൽ
text_fieldsതൃശൂർ: കൃഷി ചെയ്യാൻ അത്യാവശ്യമായ രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുടെ അമിതവിലയിൽ കർഷകർക്ക് പൊള്ളുന്നു. വിലനിയന്ത്രണത്തിന് കേന്ദ്ര സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഇടപടലുകൾ നടക്കാത്തതാണ് ഇതിന് കാരണം. കടുത്ത വേനലിൽ വിളകൾ നശിക്കുന്നതിന് പിന്നാലെ വ്യാജവളങ്ങളും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
അമിതവില കൊടുത്ത് മണ്ണിന് ദോഷമുണ്ടാക്കുന്ന വളം പ്രയോഗിച്ചതിനാൽ കോൾമേഖലയിൽ വിളവ് കുറഞ്ഞതായി കർഷകർ പറയുന്നു. റഷ്യ, യുക്രെയിൻ, കാനഡ, അമേരിക്ക, ചൈന എന്നിവിടങ്ങളിൽനിന്ന് വളം വരുന്നില്ല. യൂറിയ പോലുള്ളവ മാത്രമാണ് ഇന്ത്യയിൽ നിർമിക്കുന്നത്. ഗുണമേന്മയുള്ള കീടനാശിനികളും കിട്ടാനില്ല. കർഷകരെന്ന പോലെ വളം, കീടനാശിനി വിതരണക്കാരും പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ്, പെസ്റ്റിസൈഡ്‌സ് ആൻഡ് സീഡ്സ് ഡീലേഴ്‌സ് ഭാരവാഹികൾ പറഞ്ഞു.
വിതരണക്കാർക്ക് കർഷകർക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും ആവശ്യമായ സമയത്ത് എത്തിച്ചുകൊടുക്കാൻ സാധിക്കുന്നില്ല. കൃത്രിമ ക്ഷാമം ഉണ്ടാക്കി കമ്പനികൾ വില ഉയർത്തുകയാണ്. നാമമാത്രമായ ലാഭം ലഭിക്കുന്ന വളങ്ങൾക്ക് ഭീമമായ സംഖ്യ നിക്ഷേപിക്കേണ്ടിവരുന്നു. സ്ഥലവാടക, കയറ്റിറക്ക് കൂലി, വണ്ടിവാടക, വൈദ്യുതി നിരക്ക്, ജോലിക്കാരുടെ ശമ്പളം, ലൈസൻസ് ഫീസ് എന്നിവ ഓരോ വർഷവും ക്രമാതീതമായി വർധിക്കുകയാണ്. ഇത് ചെറുകിട വിതരണക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. നേരത്തേ വളങ്ങൾക്കും കീടനാശിനികൾക്കും നികുതിയുണ്ടായിരുന്നില്ല. ഇപ്പോൾ വളങ്ങൾക്ക് അഞ്ചു ശതമാനവും കീടനാശിനികൾക്ക് 18 ശതമാനവും നികുതിയുണ്ട്.
കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം ജനുവരിയിൽ കൊണ്ടുവന്ന പെസ്റ്റിസൈഡ്സ് മാനേജ്മെന്‍റ് ബില്ല്, ഇന്‍റഗ്രേറ്റഡ് ന്യൂട്രീഷൻ മാനേജ്മെന്‍റ് ബില്ല് എന്നിവ വളം, കീടനാശിനി മേഖലകളിലെ ചില്ലറ വ്യാപാരികളുടെ നട്ടെല്ലൊടിക്കുമെന്നാണ് ആശങ്ക. ഈ ബില്ലുകൾ കൃഷി വകുപ്പിന്‍റെ ലൈസൻസ്, ലൈസൻസ് ഭേദഗതി എന്നിവക്ക് ഫീസ് പരിധിയില്ലാതെ ഉയർത്താൻ അനുവാദം നൽകുന്നുണ്ട്. കുത്തകകളെ മേഖലയിലേക്ക് എത്തിക്കാനാണ് കേന്ദ്ര നടപടിയെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. ഇതിനെതിരെ ഓൾ ഇന്ത്യ അസോസിയേഷനുമായി സഹകരിച്ച് അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ്, പെസ്റ്റിസൈഡ്‌സ് ആൻഡ് സീഡ്സ് ഡീലേഴ്സ് കേന്ദ്ര സർക്കാറിന് നൽകിയ മെമ്മോറാണ്ടത്തിന്‍റെ ഭാഗമായി വളം വിൽപനയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ ലഘൂകരിക്കാമെന്ന് കേന്ദ്ര രാസവള മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘടന നേതാക്കൾ അറിയിച്ചു. നേരത്തേ വളങ്ങൾക്കും കീടനാശിനികൾക്കും നികുതി ഉണ്ടായിരുന്നില്ല. ജി.എസ്.ടി വന്നതോടെ നികുതിയും ഏർപ്പെടുത്തി. ഇതിനിടയിലാണ് കൃത്രിമക്ഷാമം ഉണ്ടാക്കി കമ്പനികൾ വില ഉയർത്തിയത്.
തകർന്ന ഓട് വ്യവസായത്തിന് പ്രഹരമായി വിൽപന നികുതി വർധന
(കെ.ആർ. ഔസേഫ്)
ഒല്ലൂർ: തകർന്ന ഓട് വ്യവസായത്തിനു പ്രഹരമേൽപ്പിച്ച് സർക്കാർ അന്തർ സംസ്ഥാന വിൽപന നികുതി കുത്തനെ കൂട്ടി. അഞ്ച് ശതമാനം നികുതി ഉണ്ടായിരുന്നത് ഏപ്രിൽ മുതൽ 12 ശതമാനമായാണ് ഉയർത്തിയത്. ഇതോടെ അവശേഷിക്കുന്ന ഓട്ടുകമ്പനികൾക്കും താഴ് വീഴുന്ന അവസ്ഥയാണ്.
ജില്ലയിൽ ഇതിനകം 75 ശതമാനം കമ്പനികളും പ്രവർത്തനം നിർത്തി പൊളിച്ചു മാറ്റി. അവശേഷിക്കുന്നവ ഉൽപാദനം പകുതിയായി കുറച്ചു. നികുതി വർധിപ്പിച്ചതോടെ ഏപ്രിൽ മുതൽ തമിഴ്നാട്ടിൽനിന്ന് പുതിയ ഓർഡറുകൾ ലഭിക്കുന്നില്ലെന്ന് സെൻട്രൽ കേരള ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോസ് മഞ്ഞളി പറഞ്ഞു.
പുതിയ ഉത്തരവ് പ്രകാരം 12 ശതമാനം നികുതിയാണ് കമ്പനികൾ ചില്ലറ വിൽപനക്കാരിൽനിന്നും ഇടാക്കേണ്ടത്. എന്നാൽ ആറ് ശതമാനം നികുതി ഈടാക്കി വിൽക്കാനുള്ള മറ്റൊരു സാധ്യത കൂടി ഉത്തരവിൽ പറയുന്നുണ്ട്. ഇതനുസരിച്ച് കമ്പനികൾ ആറ് ശതമാനം നികുതി ഈടാക്കി വിറ്റാൽ ആ ആറ് ശതമാനം കമ്പനികൾക്ക് തിരിച്ച് കിട്ടാൻ അർഹതയില്ല. എന്നാൽ ആറ് ശതമാനം നികുതി നൽകി വ്യാപാരികൾ വാങ്ങിയാൽ അവർ വിൽക്കുമ്പോൾ ഈ ആറ് ശതമാനം നികുതി തിരികെ ലഭിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർതന്നെ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്.
ഇതു മൂലം കമ്പനികൾ 12 ശതമാനത്തിൽ ബിൽ എഴുതാൻ നിർബന്ധിതരാവുകയും കച്ചവടക്കാർ കേരളത്തിൽ നിന്നും ഓട് എടുക്കാൻ വിമുഖത കാണിക്കുകയുമാണെന്ന് ജോസ് മഞ്ഞളി പറഞ്ഞു.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽനിന്നും തമിഴ്നാട്ടിലേക്ക് വരുന്ന ഓടിന് പലപ്പോഴും നികുതി പ്രശ്നം ബാധകമാകാറില്ല. കേരളത്തിൽനിന്ന് പോകുന്ന വാഹനങ്ങളുടെ കാര്യത്തിൽ അടിസ്ഥാന വില സംബന്ധിച്ചും കൃത്യമായ തൂക്കം സംബന്ധിച്ചും പരിശോധന കർശനമാക്കുന്നത് തമിഴ്നാട്ടിലെ വ്യാപാരികളെ കേരളത്തിൽനിന്ന് ഓട് വാങ്ങുന്നതിൽനിന്നും പിന്തിരിപ്പിക്കുകയാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ലഭ്യത കുറവും ഈ വ്യവസായത്തെ തകർച്ചയിലേക്ക് തള്ളിവിടുമ്പോൾ നികുതി വർധനവും ഉത്തരവിലെ അവ്യക്തതയും കൂനിന്മേൽ കുരുവാണെന്ന് ജോസ് മഞ്ഞളി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.