കോൽമാട് സ്ലൂയിസ് കം ബ്രിഡ്ജ്; നടപടിക്ക് നിർദേശിച്ച് പ്രധാനമന്ത്രി
text_fieldsതൃശൂർ: ജില്ലയുടെ പടിഞ്ഞാറൻ മേഖലയുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന കോൽമാട് സ്ലൂയിസ് കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശം. വർഷങ്ങളായി പ്രഖ്യാപനമായി അവശേഷിക്കുന്ന പദ്ധതിയിൽ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് കത്ത് നൽകിയത്.
പരാതി മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് പരാതിക്കാരെ അറിയിച്ചു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര ജലവിഭവമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്ര ജല കമീഷൻ ചെയർമാൻ എന്നിവർക്ക് പൊതുപ്രവർത്തകനും കെ.പി.സി.സി സെക്രട്ടറിയുമായ ഷാജി കോടങ്കണ്ടത്തും റോബിൻ വടക്കേത്തലയും നൽകിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ.
ഏനാമാവ് പുഴയിൽ റെഗുലേറ്ററിന് പടിഞ്ഞാറ് നാല് കി.മീ. മാറി കോൽമാട് സ്കൂയിസ് കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയാൽ മണലൂർ, ഏങ്ങണ്ടിയൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളിലെയും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിെലയും കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
കോൽമാട് സ്ലൂയിസ് കം ബ്രിഡ്ജ് വരുകയാണെങ്കിൽ ഏകദേശം നാല് കി.മീ. നീളത്തിലും ഒരു കി.മീ. വീതിയിലും ഏനാമാവ് പുഴയിൽ ശുദ്ധജലം സംഭരിക്കാനുമാകും. പദ്ധതിയെക്കുറിച്ച് 20 വർഷമായി ചർച്ച ചെയ്യുന്നുണ്ടെങ്കിലും പരിസ്ഥിതി പഠനം നടത്താനോ എസ്റ്റിമേറ്റ് ഉണ്ടാക്കാനോ ആവശ്യമായ നടപടികളിലേക്ക് കടന്നിട്ടില്ല.
കോൽമാട് സ്ലൂയിസ് കം ബ്രിഡ്ജ് പദ്ധതി ആറ് പഞ്ചായത്തുകളുടെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ അനിവാര്യമാണെന്ന് എല്ലാ പഞ്ചായത്തുകളും അഭിപ്രായപ്പെട്ടതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചതായും ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. പദ്ധതിയെക്കുറിച്ച് പരിസ്ഥിതി പഠനം നടത്താൻ ഫണ്ട് അനുവദിക്കാത്തതിൽ പ്രദേശവാസികൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.